വിദ്യാർഥി കൺസെഷൻ: കെ.എസ്‌.ആർ.ടി.സിയിൽ ജൂലൈ മുതൽ അപേക്ഷ ഓൺലൈൻ

Share our post

തിരുവനന്തപുരം : കെ.എസ്‌.ആർ.ടി.സിയിൽ വിദ്യാർഥി കൺസെഷൻ അപേക്ഷ ജൂലൈ മുതൽ ഓൺലൈനാകും. നിശ്ചിത തുകയും അനുബന്ധ രേഖകളും അപ്‌ലോഡ്‌ ചെയ്‌താൽ കൺസെഷൻ കാർഡ്‌ എപ്പോൾ ലഭിക്കുമെന്ന്‌ മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. ഡിപ്പോയിൽ എത്തി കൺസെഷൻ കാർഡ്‌ കൈപ്പറ്റാം. അപേക്ഷയുടെ സ്‌റ്റാറ്റസ്‌ അപേക്ഷകർക്ക്‌ വെബ്‌സൈറ്റിൽനിന്ന്‌ അറിയാനുമാകും. കെ.എസ്‌.ആർ.ടി.സി ഐ.ടി സെല്ലാണ്‌ ഇതിനായുള്ള സോഫ്‌റ്റ്‌വെയർ തയ്യാറാക്കിയത്‌.
അതേസമയം, ജൂൺ മുതൽ വിദ്യാർഥി കൺസെഷനുള്ള പ്രായപരിധി 25 വയസ്സ്‌ എന്നത്‌ നിർബന്ധമാക്കി. പെൻഷൻകാരായ പഠിതാക്കൾ, പ്രായപരിധി ബാധകമല്ലാത്ത റഗുലർ കോഴ്സ് പഠിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് യാത്രാ ഇളവില്ല.     
●സർക്കാർ, അർധ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾ, സ്പെഷ്യൽ സ്കൂളുകൾ, സ്പെഷ്യലി ഏബിൾഡായ വിദ്യാർഥികൾ എന്നിവർക്ക്‌ നിലവിലെ രീതി തുടരും.  
●സർക്കാർ, അർധ സർക്കാർ കോളേജുകൾ, സർക്കാർ, അർധ സർക്കാർ പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ മാതാപിതാക്കൾ ആദായനികുതി നൽകുന്നവരാണെങ്കിൽ കൺസെഷനുണ്ടാകില്ല.  
● സ്വാശ്രയ കോളേജ്‌, സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലെയും ബിപിഎൽ പരിധിയിൽ വരുന്ന കുട്ടികൾക്കായി നിലവിലെ കൺസെഷൻ രീതി തുടരും.
●സ്വാശ്രയ കോളേജ്‌, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗനൈസ്ഡ് സ്കൂളുകൾ എന്നിവ യഥാർഥ ടിക്കറ്റ് നിരക്കിന്റെ 35 ശതമാനം തുക വിദ്യാർഥിയും 35 ശതമാനം തുക മാനേജ്മെന്റും നൽകണം. യാത്രാ നിരക്കിന്റെ 30 ശതമാനം ഇളവ്‌ അനുവദിക്കും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!