ശിൽപി പടിയിറങ്ങി വൈദ്യശാസ്ത്ര മ്യൂസിയത്തിന്റെ പുനർജനി കാണാതെ

പയ്യന്നൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ വൈദ്യശാസ്ത്ര മ്യൂസിയത്തിന്റെ പുനർജനി കാണാനാവാതെ മ്യൂസിയത്തിന്റെ ശിൽപി പടിയിറങ്ങി. ശിൽപിയും ചിത്രകാരനുമായ രവീന്ദ്രൻ തൃക്കരിപ്പൂരാണ് ആഗ്രഹം സഫലമാകാതെ സ്ഥാപനത്തിൽനിന്ന് വിരമിച്ചത്.
അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ വൈദ്യശാസ്ത്ര മ്യൂസിയത്തിൽ ആയിരക്കണക്കിന് പ്രദര്‍ശനവസ്തുക്കളാണ് ഒരുക്കിയിരുന്നത്. 2011 ല്‍ 11,000 ചതുരശ്രഅടിയില്‍ ആരംഭിച്ച വൈദ്യശാസ്ത്രമ്യൂസിയം അഞ്ച് വര്‍ഷം മുമ്പാണ് പൂട്ടിയത്. മെഡിക്കല്‍ കോളജില്‍ പഠനാവശ്യത്തിന് സ്ഥലപരിമിതിയുള്ളതിനാല്‍ മ്യൂസിയം പൂട്ടുന്നതായാണ് അന്നത്തെ പ്രിന്‍സിപ്പൽ അറിയിച്ചത്.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മ്യൂസിയം നവീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയിരുന്നു. 22 ലക്ഷം രൂപ സന്ദര്‍ശക ഫീസിനത്തില്‍ മ്യൂസിയത്തില്‍നിന്ന് ലഭിച്ചിരുന്നു. 25 ലക്ഷം രൂപ വിലമതിക്കുന്ന മെഡിക്കല്‍ മോഡലുകളും ഇവിടെ ഉണ്ടായിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ വൈദ്യശാസ്ത്ര അമ്യൂസ്മെന്റ് പാര്‍ക്കിന്റെ രൂപരേഖയും രവീന്ദ്രന് സമര്‍പ്പിച്ചിരുന്നുവെങ്കിലും വര്‍ഷങ്ങളായിട്ടും നടപടികളൊന്നുമുണ്ടായില്ല. 2018 ല്‍ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് മ്യൂസിയം ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടായതെന്നും രവീന്ദ്രന് പറയുന്നു.
അനാട്ടമി വിഭാഗത്തിലെ മ്യൂസിയം കം ഫോട്ടോഗ്രാഫിക് അസിസ്റ്റന്റായ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നവീകരിക്കപ്പെട്ട മ്യൂസിയം.
വിരമിക്കുന്ന ബുധനാഴ്ച മ്യൂസിയത്തിലെത്തിയ രവീന്ദ്രൻ നിര്‍മിച്ച പ്രദര്ശനവസ്തുക്കള് ഒരിക്കല്‍കൂടി കണ്ട് നിറകണ്ണുകളോടെയാണ് മെഡിക്കല്‍ കോളജ് കാമ്പസ് വിട്ടത്. ലളിതകലാ അക്കാദമി അംഗമായിരിക്കെ കോളജിൽ നിരവധി പെയിൻറിങ്ങുകൾ സ്ഥാപിക്കുന്നതിനും രവീന്ദ്രൻ നേതൃത്വം നൽകിയിട്ടുണ്ട്.