കെ–ഫോൺ 5 ജിയുടെ നട്ടെല്ലാകും; ഉദ്‌ഘാടനം അഞ്ചിന്‌

Share our post

തിരുവനന്തപുരം : കേരളത്തിൽ 5ജി ഇന്റർനെറ്റ്‌ സേവനം ഉറപ്പാക്കുന്ന ശൃംഖലയുടെ നട്ടെല്ലായി കെ –ഫോൺ മാറും. സ്വകാര്യ–പൊതുമേഖല സേവന ദാതാക്കൾക്ക്‌ ആവശ്യമായ ഒപ്‌റ്റിക്‌ ഫൈബർ കേബിൾ നഗര–ഗ്രാമ വ്യത്യാസമില്ലാതെ കെ –ഫോൺ വാടകയ്‌ക്ക്‌ ലഭ്യമാക്കും. ബി.എസ്‌.എൻ.എൽ, എയർടെൽ, ജിയോ ഉൾപ്പെടെയുള്ളവയ്‌ക്ക്‌ സേവനം നൽകും. 30,353 കിലോമീറ്ററിലെ കെ–ഫോൺ ഒപ്‌റ്റിക്‌ ഫൈബർ ശൃംഖലയിൽ 25,768 ഉം പൂർത്തിയായി. 48 ഒപ്‌റ്റിക്‌ ഫൈബറാണുള്ളത്‌. ഇതിൽ 20 എണ്ണം കമ്പനി ഉപയോഗിക്കും. ബാക്കി മറ്റു കമ്പനികൾക്ക്‌ വാടകയ്‌ക്ക്‌ നൽകാൻ തയ്യാറാണെന്ന്‌ കെ –ഫോൺ എം.ഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു.

നിലവിലുള്ള സംവിധാനത്തിൽ 5ജിയുടെ പ്രയോജനങ്ങളെല്ലാം ലഭ്യമല്ല. 4ജി ടവറുകൾ നവീകരിച്ചാണ്‌ 5ജി സേവനം നൽകുന്നത്‌. ട്രായ്‌ നിർദേശിച്ചിട്ടുള്ള ഉയർന്ന തരംഗദൈർഘ്യത്തിലുള്ള 5ജി ഇന്റർനെറ്റ്‌ സേവനം ഉറപ്പാക്കാൻ ഒരോ 100 മീറ്ററിലും (സ്‌ട്രീറ്റ്‌ ഫർണിച്ചറുകൾ) 5ജി സെല്ലുകൾ സ്ഥാപിക്കാൻ ഒപ്‌റ്റിക്‌ ഫൈബർ ആവശ്യമാണ്‌.

തിങ്കളാഴ്‌ച നിയമസഭാ സമുച്ചയത്തിലെ കെ –ഫോൺ ഉദ്‌ഘാടനവേദിയിൽനിന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തെ ഗുണഭോക്താക്കളുമായി സംവദിക്കും. വയനാട്‌ പന്തലാടിക്കുടി ആദിവാസി ഊരിലുള്ളവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗുണഭോക്തൃ കുടുംബാംഗങ്ങൾ, സ്‌കൂൾ കുട്ടികൾ, സർക്കാർ ഓഫീസ്‌ ജീവനക്കാർ എന്നിവരുമായാണ്‌ ആശയവിനിമയം. വൈകിട്ട്‌ നാലിന്‌ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് ചടങ്ങ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!