വൃദ്ധസദനത്തിൽ നിന്ന് സ്വർണ മാല നഷ്ടമായതായി പരാതി

മാഹി: മാഹിയിലെ സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസിനിയായ വയോധികയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണമാല കാണാതായതായി പരാതി. 13 വർഷമായി ഇവിടെ അന്തേവാസിനിയായ ദേവി (75) യുടെ സ്വർണ മാലയാണ് ഒമ്പത് മാസം മുമ്പ് മാഹി പള്ളി പെരുന്നാൾ വേളയിൽ കാണാതായത്. മാല പെട്ടിയിൽ അടച്ച് പൂട്ടിയതായിരുന്നു.
പെട്ടിയിൽ നിന്ന് കാണാതായപ്പോൾ ദേവി നടത്തിപ്പുകാരായ ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററെ വിവരമറിയിച്ചതിന് ശേഷം പൊലീസിൽ പരാതി നൽകാമെന്നാണ് നടത്തിപ്പുകാർ നിർദേശിച്ചത്. എന്നാൽ ആർ.എയെ വിവരമറിയിച്ചില്ലെന്ന് മാത്രമല്ല തനിക്ക് പരാതിയില്ലെന്ന് ഒരു താത്ക്കാലിക ജീവനക്കാരി എഴുത്തും വായനയും വശമില്ലാത്ത ഇവരിൽ നിന്നും എഴുതിക്കൊടുത്ത കടലാസിൽ ഒപ്പ് വെപ്പിക്കുകയായിരുന്നു.
സ്വർണമാല കാണാതായ വിവരം ആരോടും പറഞ്ഞ് പോകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബന്ധുക്കളാരുമില്ലാത്ത അവിവാഹിതയായ ഇവർ ചൊക്ലിയിൽ നിരവധി കാലം ജോലി ചെയ്ത വീട്ടിൽ നിന്ന് ലഭിച്ച പണം കൊണ്ടാണ് സ്വർണമാല വാങ്ങിയത്.
ബുധനാഴ്ച ഉച്ചക്ക് ശേഷം സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ സി.കെ. രാജലക്ഷ്മി വൃദ്ധ സദൻ സന്ദർശിച്ചപ്പോഴാണ് അന്തേവാസികൾ ഇക്കാര്യം പറഞ്ഞത്. തുടർന്ന് മാഹി പൊലീസ് സി.ഐയെ വിവരമറിയിക്കുകയും എസ്.ഐ രാധാകൃഷ്ണൻ സ്ഥലത്തെത്തി മൊഴിയെടുക്കുകയും ചെയ്തു.
ഈ വൃദ്ധ സദനത്തിൽ മുമ്പ് മാല പൊട്ടിയത് കണ്ടപ്പോൾ അത് കൂട്ടിച്ചേർക്കാൻ കൊണ്ടുപോയി തിരിച്ച് കൊണ്ടുവന്നപ്പോൾ ഒന്നേമുക്കാൽ പവനായി മാറുകയായിരുന്നു. അന്തേവാസികളെ വർഷങ്ങളായി പുറത്തുവിടാറില്ല. ഇതിന് മുമ്പ് ജീവകാരുണ്യ പ്രവർത്തകർ പതിവായി ഇവിടം സന്ദർശിക്കുകയും ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും നൽകുകയും ചെയ്യുമായിരുന്നു.
ഇവരെ പാർക്കിലും മറ്റും കൊണ്ടുപോകുന്ന പതിവുമുണ്ടായിരുന്നു. എന്നാൽ സാമൂഹിക പ്രവർത്തകർ സാധനങ്ങൾ എത്തിക്കുന്നതിന് ആർ.എയുടെ അനുമതി തേടിയിരിക്കണമെന്ന് ഇവർ നിഷ്കർഷിക്കുകയും ചെയ്തു. നൂലാമാലകൾ മൂലം സന്നദ്ധ പ്രവർത്തകർ ഇവിടം സന്ദർശിക്കാതായി. എന്നാൽ ഇപ്പോൾ ഹോട്ടലിൽ നിന്നാണ് രണ്ട് അന്തേവാസികൾക്ക് ജീവനക്കാർ ഭക്ഷണം വാങ്ങി നൽകുന്നത്.