ആധാർ പുതുക്കാൻ സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ 

Share our post

കണ്ണൂർ: ജില്ലയിലെ സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ആധാര്‍ കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം. ജൂണ്‍, ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കാനും പുതുക്കല്‍ നടപടികള്‍ ജില്ലയില്‍ കാര്യക്ഷമമാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.

5 വയസ്സ് വരെയുള്ള കുട്ടികളുടെ ആധാര്‍ പുതുക്കല്‍ ഐ.സി.ഡി.എസിന്റെ സഹകരണത്തോടെ അങ്കണവാടികളിലും അഞ്ച് മുതല്‍ ഏഴ് വരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് അപ്‌ഡേഷന്‍, 15 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികളുടെ ആധാര്‍ പുതുക്കല്‍ എന്നിവ സ്‌കൂളുകളിലും നടത്തണം. 

പോസ്റ്റല്‍ വകുപ്പ്, അക്ഷയ എന്നിവയുമായി സഹകരിച്ചാണ് ആധാര്‍ പുതുക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഇതിനായി മുഴുവന്‍ സ്‌കൂളുകളിലെ പി.ടി.എ കള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും തീരുമാനമായി.

അസിസ്റ്റന്റ് കളക്ടര്‍ മിസ്സല്‍ സാഗര്‍ ഭരത്, തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ്, എ.ഡി.എം കെ.കെ ദിവാകരന്‍, യു.ഐ.ഡി -എ.ഐ സംസ്ഥാന ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍, യു.ഐ.ഡി -എ.ഐ ബാംഗ്ലൂര്‍ റീജിയണല്‍ ഓഫീസ് അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് മുസാബ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!