ആയുര്‍വേദ ചികിത്സ; കേരളത്തിലേക്ക് വിദേശികളുടെ പ്രവാഹം, ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വന്‍ ബുക്കിങ്

മണ്‍സൂണ്‍ അടുത്തതോടെ ആയുര്‍വേദ ചികിത്സ തേടി വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക്. കോവിഡനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണയും സഞ്ചാരികളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം വര്‍ധനയാണ് മേഖല പ്രതീക്ഷിക്കുന്നത്. റിസോര്‍ട്ടുകള്‍ കൂടാതെ ആയുര്‍വേദ ആസ്പത്രിയിലടക്കം ബുക്കിങ്ങുകള്‍ ഉയര്‍ന്നിട്ടുണ്ട്. കര്‍ക്കടക മാസം ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിക്കും.
ചികിത്സ തേടിയെത്തുന്ന സഞ്ചാരികള്‍ക്കായി മൂന്നു ദിവസം മുതല്‍ ഒരു മാസംവരെ നീണ്ടുനില്‍ക്കുന്ന വിവിധ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പാക്കേജിനാണ് കൂടുതല്‍ ആവശ്യം. ഒരാഴ്ചത്തെ പാക്കേജിന് ഭക്ഷണവും താമസവും അടക്കം ആയുര്‍വേദ ആസ്പത്രികളില്‍ കുറഞ്ഞത് 20,000 രൂപ മുതലാണ് നിരക്ക്.
അതേസമയം, റിസോര്‍ട്ടുകളില്‍ മൂന്നു ദിവസത്തേക്ക് ശരാശരി 10,000 രൂപ മുതലാണ് നിരക്ക്. താമസം, ഭക്ഷണം എന്നിവ കൂടാതെയാണ് ഇത്. ക്ലാസിഫിക്കേഷന്‍ അനുസരിച്ച് റിസോര്‍ട്ടുകളുടെ നിരക്കില്‍ വ്യത്യാസം വരും. മഴ ശക്തമാകുന്നതോടെയാണ് ചികിത്സ തുടങ്ങുക. പല സ്ഥലങ്ങളിലും ബുക്കിങ്ങുകള്‍ ഇതിനോടകം 50 ശതമാനം കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.
വിദേശ അന്വേഷണങ്ങളില്‍ വര്‍ധന
ഇത്തവണ വിദേശ രാജ്യങ്ങളില്‍നിന്നുള്ള അന്വേഷണങ്ങള്‍ കൂടിയിട്ടുണ്ട്. കൂടുതല്‍ പേരും വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമാണ് റൂമുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. ആയുര്‍വേദ ആസ്പത്രിക്ക് സമീപമുള്ള ഹോട്ടലുകളിലും റൂമുകള്‍ക്കായുള്ള അന്വേഷണങ്ങള്‍ കൂടിയിട്ടുണ്ട്. ചിലയിടങ്ങളില്‍ അന്താരാഷ്ട്ര സഞ്ചാരികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
ജൂണ്‍ പകുതിയോടെ വിദേശ സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്നാണ് മേഖലയുടെ പ്രതീക്ഷ. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കര്‍ക്കടക ചികിത്സയ്ക്കുള്ള ചെലവ് 30-70 ശതമാനം കുറവായതാണ് വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്.
സ്വദേശികള്‍ മുന്നില്‍
സംസ്ഥാനത്തുള്ളവരും ആയുര്‍വേദ കര്‍ക്കടക ചികിത്സയ്ക്കായി ബുക്കിങ് നടത്തിയിട്ടുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കുക, ആരോഗ്യ സംരക്ഷണം തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് പലരും മുന്നോട്ടു വന്നിരിക്കുന്നത്. കേരളത്തില്‍നിന്ന് മുന്‍കൂട്ടി ബുക്ക് ചെയ്തവരില്‍ 35 ശതമാനത്തോളം ആദ്യമായി എത്തുന്നവരാണ്.