സംസ്ഥാനത്തെ ആസ്പത്രികളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ റെഡി

Share our post

തിരുവനന്തപുരം: മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ രണ്ട് മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. താലൂക്ക് ആസ്പത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇത് കൂടാതെ ഫീവർ വാർഡുകളും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

അടുത്ത മാസം മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം.

പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർഥിച്ചു.

സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധം നേരത്തെ തന്നെ ശക്തമാക്കുന്നതിന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വേനൽമഴയെ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതിൽ വർധനവുള്ളതിനാൽ ജില്ലകൾ കൂടുതൽ ശ്രദ്ധിക്കണം.

മറ്റ് കൊതുക് ജന്യ രോഗങ്ങളും ചെറുതായി വർധിക്കുന്നതായി കാണുന്നു. ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കൻഗുനിയ, കോളറ, ഷിഗല്ല, എച്ച്. 1 എൻ. 1 എന്നിവയ്ക്കെതിരെ ശ്രദ്ധ വേണം.

നിലവിലെ ചികിത്സാ പ്രോട്ടോകോൾ പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ബോധവത്ക്കരണം ശക്തമാക്കണം.

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടേയും റവന്യൂ വകുപ്പിന്റേയും പങ്കാളിത്തം ഉറപ്പാക്കും. വീടും, സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാകരുത്. വീട്ടിൽ അകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. നിപ വൈറസ് പ്രതിരോധം ജില്ലകൾ ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!