ഏലപ്പീടികയിലെ സെഞ്ച്വറി ഫാമിൽ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്; 75000 രൂപ പിഴ

കണിച്ചാർ:ജില്ലാ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണിച്ചാർ ഏലപ്പീടികയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സെഞ്ച്വറി ഫാമിൽ റെയ്ഡ് നടത്തി.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധ നിയമ ലംഘനങ്ങൾക്കായി 75000 രൂപ പിഴ ചുമത്തി.
കോഴിഫാമിൽ നിന്നും പശു ഫാമിൽ നിന്നുമുള്ള മാലിന്യം ജലസ്രോതസ്സിനു സമീപം കൂട്ടിയിട്ടതിനും ജലസ്രോതസ്സിന് സമീപം മലിനജലം ഒഴുക്കിവിട്ടതിനുമാണ് പഞ്ചായത്തീരാജ് ചട്ടപ്രകാരം 75000 രൂപ പിഴ ചുമത്തിയത്.
24 മണിക്കൂറിനുള്ളിൽ മാലിന്യം നീക്കം ചെയ്യാത്തപക്ഷം പോലീസ് കേസ് ഉൾപ്പെടെയുള്ള നിയമ നടപടികൾക്കും പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.കണിച്ചാറിലെ സപ്ലൈകോ മാവേലി സ്റ്റോറിൽ നിരോധിത പ്ലാസ്റ്റിക് പാക്കിങ്ങിന് ഉപയോഗിക്കുന്നുവെന്ന ജനങ്ങളുടെ പരാതിയിൽ സ്‌ക്വാഡ് മാവേലി സ്റ്റോർ പരിശോധിച്ചു.
അവിടെ ഉപയോഗിക്കുന്ന പാക്കിങ്ങ് കവറുകളിൽ സപ്ലൈകോ എന്ന പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു വിവരങ്ങളുടെ പ്രിന്റ് വ്യക്തത ഇല്ലാത്തതിനാൽ കവറുകളുടെ സാമ്പിളുകൾ ശേഖരിച്ച് മലിനീകരണ നിയന്ത്രണ ബോർഡിന് അയക്കാൻ പഞ്ചായത്തിന് നിർദ്ദേശം നൽകി.
എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ റെജി.പി.മാത്യു,എൻഫോഴ്‌സ്‌മെന്റ് ഓഫീസർ അജയകുമാർ,പഞ്ചായത്ത് അസി.സെക്രട്ടറി ബാലകൃഷ്ണൻ കല്യാടൻ, ക്ലർക്കുമാരായ സൈനുദ്ദീൻ,എൻ.വി.ജയേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.