മലബാറില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാക്കപ്പല്‍; പ്രാരംഭ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

Share our post

തിരുവനന്തപുരം: മലബാറില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാക്കപ്പല്‍ ആരംഭിക്കാനുള്ള നീക്കവുമായി സംസ്ഥാനസര്‍ക്കാര്‍. നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കാന്‍ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച യോഗം തുറമുഖവകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍നിന്ന് വിമാനക്കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നതെന്നും തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്‍ക്ക് നിലവിലുള്ളതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.

യാത്രാ ഷെഡ്യൂളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നു.

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മലബാറില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ പരിഗണനയില്‍…
പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാനാണ് ആലോചന. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, സി.ഇ.ഒ സലീം കുമാര്‍, നോര്‍ക്ക ജനറല്‍മാനേജര്‍ അജിത് കോലാശ്ശേരി, എം.ഡി.സി പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, ഭാരവാഹികളായ അഡ്വ. എം.കെ. അയ്യപ്പന്‍, സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!