പ്ലസ് വണ്‍ ഏകജാലക പ്രവേശനം; നാളെമുതല്‍ അപേക്ഷിക്കാം

Share our post

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് വെള്ളി വൈകിട്ട്‌ നാല് മുതൽ ജൂൺ ഒമ്പതുവരെ ഓൺലൈനായി അപേക്ഷിക്കാം. ഒരാൾക്ക് ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കാനാകും. എസ്.എസ്.എൽ.സി/ പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ ഉപരിപഠന യോ​ഗ്യത നേടിയവരെയും സി.ബി.എസ്.ഇ പരീക്ഷയിൽ ജയിച്ചവരെയും മുഖ്യ അലോട്ട്മെന്റിൽ പരി​ഗണിക്കും. www.admission.dge.kerala.gov.in വെബ്സൈറ്റിലെ ഹയർ സെക്കൻ‌ഡറി അഡ്മിഷൻ ലിങ്കിലൂടെ അപേക്ഷിക്കണം.

പത്താം ക്ലാസിലെ മാർക്ക്‌ കൂട്ടിയെടുത്ത് വെയ്റ്റഡ് ​ഗ്രേഡ് പോയിന്റ് ആവറേജ് അടിസ്ഥാനമാക്കി റാങ്ക് തീരുമാനിക്കും. റാങ്ക്, കുട്ടികൾ നൽകിയ ഓപ്ഷൻ, സീറ്റ് ലഭ്യത എന്നിവ പരി​ഗണിച്ച് കംപ്യൂട്ടർ പ്രോ​ഗ്രാം വഴി സെലക്ഷനും അലോട്ട്മെന്റും നടക്കും. ട്രയലടക്കം നാല് അലോട്ട്മെന്റുണ്ടാകും.

ആദ്യ അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട സ്കൂളും കോമ്പിനേഷനും ലഭിച്ചവർക്ക് സ്ഥിരപ്ര​വേശനം നേടാം. മറ്റുള്ളവർ താൽക്കാലിക പ്രവേശനം നേടണം. അലോട്ട്മെന്റിൽ വന്നിട്ടും സ്കൂളിൽ ചേരാതിരുന്നാൽ പ്രവേശനാവസരം നഷ്ടമാകും. ഒന്നിലേറെ ജില്ലകളിൽ അപേക്ഷിച്ചവർ ഏതെങ്കിലുമൊരു ജില്ലയിൽ പ്രവേശിക്കുന്നതോടെ മറ്റ് ജില്ലയിലെ ഓപ്ഷൻ‌ സ്വയം റദ്ദാകും. ട്രയൽ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 19നുമാണ്‌. മൂന്ന് അലോട്ട്മെന്റ് അടങ്ങുന്ന മുഖ്യ അലോട്ട്മെന്റ് ജൂലൈ ഒന്നുവരെ. അപേ​ക്ഷ സമർപ്പിക്കുമ്പോൾ പിശകുവന്നാൽ തിരുത്താൻ അവസരമുണ്ട്. ഇത് പരി​ഗണിച്ചാകും ട്രയൽ അലോട്ട്മെന്റ്.

സംസ്ഥാനത്തെ 389 വൊക്കേഷണൽ‌ ഹ​യർ സെക്കൻഡറി സ്കൂളുകളിലേക്കും സമാന വ്യവസ്ഥകളനുസരിച്ചാണ് പ്രവേശനം. www.admission.dge.kerala.gov.in വെബ്സൈറ്റിലെ ക്ലിക് ഫോർ ഹയർ സെക്കൻ‌ഡറി വൊക്കേഷണൽ അഡ്മിഷൻ എന്ന ലിങ്കിൽ ക്ലിക് ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!