ഗൂഗിൾ പേ വഴി എത്ര കൈക്കൂലി കിട്ടിയാലും സോമന് മതിയാകില്ല, ഒടുവിൽ പ്രൊമോഷന്റെ തലേദിവസം വിജിലൻസ് പിടികൂടി

Share our post

കോട്ടയം: പ്രൊമോഷനോടെ ഇന്ന് തിരുവനന്തപുരം ഇലക്ട്രിക്കൽ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ചീഫ് ഇൻസ്‌പെക്ടറായി ചുമതലയേൽക്കാനിരുന്ന ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി.

പത്തനംതിട്ട നിരണം കടപ്ര ശിവകൃപയിൽ കെ.കെ സോമനെയാണ് (53) ഇന്നലെ രാവിലെ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ വച്ച് വിജിലൻസ് സംഘം പിടികൂടിയത്. എറണാകുളം സ്വദേശിയായ കരാറുകാരനിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.കോട്ടയത്ത് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ സ്‌കീം അപ്രൂവലിനായി കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഓഫീസിൽ എത്തിയ കരാറുകാരനോട് അനുമതി നൽകാൻ സോമൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

രണ്ട് തവണയായി പതിനായിരം രൂപ ഗൂഗിൾ പേ മുഖേന നൽകി. ഇതിനു ശേഷവും കൈക്കൂലി ആവശ്യപ്പെട്ട് ഫോൺ വിളി തുടർന്നതോടെ കരാറുകാരൻ വിജിലൻസിന് പരാതി നൽകി. ഇന്നലെ രാവിലെ ഫിനോഫ്‌തലിൻ പുരട്ടി നൽകിയ നോട്ട് ഇയാൾ പേഴ്സിൽ വയ്ക്കുമ്പോൾ മറഞ്ഞു നിന്ന വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

പലരിൽ നിന്നും ഗൂഗിൾ പേ മുഖേന മൂന്ന ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളും വിജിലൻസിന് കിട്ടി. ഇതേ കരാറുകാരനോട് അസിസ്റ്റന്റ് എൻജിനിയർ ശ്രീധിൻ 3000 രൂപ കൈക്കൂലി വാങ്ങിയതും കണ്ടെത്തിയിട്ടുണ്ട്.

ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതായി വിവരം കിട്ടിയതിനെത്തുടർന്ന് വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സോമനെപ്പറ്റി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

ഗുരുതര ക്രമക്കേടുകൾ കണ്ട് അറസ്റ്റിനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഇപ്പോൾ കൈക്കൂലിക്കേസിൽ പിടിയിലായത്. ഇയാൾ നിരണത്ത് ആഡംബര വീട് നിർമിച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിയിലൂടെ ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സോമനെ റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!