മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: മരിച്ച സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരമുള്ള ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചു.
21 വയസ്സുള്ള യുവതിയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട തുമകൂരു സ്വദേശി രംഗരാജു നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് ബി. വീരപ്പ, ജസ്റ്റിസ് ടി. വെങ്കടേഷ് നായിക് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. കൊലക്കുറ്റത്തിന് വിചാരണക്കോടതി വിധിച്ച ശിക്ഷ ശരിവെച്ച കോടതി ബലാത്സംഗത്തിനുള്ള ശിക്ഷ റദ്ദാക്കി.
മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുന്നത് സാഡിസമായോ നെക്രോഫീലിയയായോ ആണ് കണക്കാക്കേണ്ടതെന്നും ഇതിന് 376-ാം വകുപ്പ് പ്രകാരം ശിക്ഷവിധിക്കാനാകില്ലെന്നും കോടതി പറഞ്ഞു. അതേസമയം, മൃതദേഹത്തെ പീഡിപ്പിക്കുന്നതിന് ശിക്ഷ ഉറപ്പുവരുത്തുന്ന രീതിയില്‍ ശിക്ഷാ നിയമം പരിഷ്‌കരിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തുമകൂരുവില്‍ 2015 ജൂണ്‍ 25-നായിരുന്നു യുവതി കൊല്ലപ്പെട്ടത്. കംപ്യൂട്ടര്‍ ക്ലാസില്‍ പോയ യുവതിയെ 22 വയസ്സുള്ള പ്രതി കഴുത്തറത്ത് കൊന്നശേഷം ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവിനും ബലാത്സംഗക്കുറ്റത്തിന് 10 വര്‍ഷം സാധാരണതടവിനും 2017 ഓഗസ്റ്റ് 14-ന് സെഷന്‍സ് കോടതി ഇയാള്‍ക്ക് ശിക്ഷവിധിച്ചു. ഇതിനെതിരെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചത് നെക്രോഫീലിയ എന്ന അവസ്ഥയാണെന്നും ഇതിന് ശിക്ഷവിധിക്കാനുള്ള വ്യവസ്ഥ ഇന്ത്യന്‍ ശിക്ഷാനിയമത്തിലില്ലെന്നും ഇയാള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഇത് കോടതി ശരിവെച്ചു.
ഇംഗ്ലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ശവശരീരത്തെ ലൈംഗികമായി പീഡിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി വ്യവസ്ഥചെയ്യുന്നുണ്ടെന്ന് പറഞ്ഞ കോടതി ഇതിനനുസരിച്ച വ്യവസ്ഥകള്‍ ഇന്ത്യയിലും നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു.