ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ടുപോയ സ്ത്രീയെ രക്ഷിച്ചത് മണത്തണക്കാരനായ ഓട്ടോ ഡ്രൈവർ

തലശേരി: പരശുറാം എക്സ്പ്രസിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ടുപോയ സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഓട്ടോ ഡ്രൈവർ. ബുധനാഴ്ച രാവിലെ 7.40 ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന സമയത്താണ് കൂടെയുണ്ടായിരുന്ന ഭർത്താവ് കയറിയില്ല എന്ന സംശയത്തിൽ ഒരു സ്ത്രീ ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്. ഇറങ്ങുന്നതിനിടെ അവർ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു.
പ്ലാറ്റ്ഫോമിലുണ്ടായിരുന്നവർ മുഴുവൻ പകച്ചു നിൽകെ ഓട്ടോ ഡ്രൈവറായ ഹരിദാസ് ഓടിയെത്തി സ്ത്രീയെ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയായിരുന്നു. ഓടിക്കൂടിയ യാത്രക്കാരും പോലീസും രക്ഷകനായി എത്തിയ ആളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പേരാവൂർ മണത്തണ സ്വദേശിയായ ഹരിദാസാണ് സ്വജീവൻ പണയപ്പെടുത്തി പ്ലാറ്റ്ഫോമിലും ട്രെയിനിനുമിടയിൽ കുടുങ്ങിയ സ്ത്രീയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.