സ്‌കൂള്‍ തുറക്കുന്നു; കുഞ്ഞുമനസ്സിലെ സമ്മര്‍ദം ഇങ്ങനെ മറികടക്കാം
സ്‌കൂളുകള്‍ തുറക്കാറായി. കുഞ്ഞുകുഞ്ഞ് മാനസികസമ്മര്‍ദങ്ങള്‍ കുട്ടികളെ അലട്ടുന്ന സമയമാണിത്. ഇത്തരം സമ്മര്‍ദങ്ങള്‍ അവരുടെ വളര്‍ച്ചയുടെ ഭാഗവുമാണ്. എന്നാല്‍ അത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്തരീതിയില്‍ നമ്മള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്.
സ്‌നേഹത്തോടെ സംസാരിക്കാം
സഹാനുഭൂതിയോടെ, സ്‌നേഹത്തോടെ കുട്ടികളോട് സംസാരിക്കാം. യാതൊരു കാരണവശാലും അവരെ കളിയാക്കുകയോ ബലമായി സമ്മര്‍ദത്തില്‍ നിന്ന് പുറത്തുവരാന്‍ പറയുകയോ ചെയ്യരുത്. മറിച്ച് ഇത് നമുക്ക് ഒരുമിച്ച് നേരിടാം എന്ന് പറഞ്ഞ് സമാധാനിപ്പിക്കുക.
കളിച്ച് രസിച്ച് തുടരട്ടെ
കുട്ടികള്‍ക്ക് ഒരു ദിവസത്തില്‍ ആവശ്യത്തിന് വ്യായാമം കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. അവര്‍ രസകരമായി സമയം ചിലവിടുന്നോ എന്നും ഉറപ്പുവരുത്തുക. കുട്ടികളെ ശ്വാസോച്ഛ്വാസം (inhalation and exhalation) ചെയ്യാന്‍ പ്രേരിപ്പിക്കുക. ഒരു ചെറിയ മെഴുകുതിരി എങ്ങനെ ഊതിക്കെടുത്തുന്നുവോ അതുപോലെ. ഉത്കണ്ഠ കുറയ്ക്കാന്‍ ഇത് സഹായിക്കും.
പറഞ്ഞുകൊടുക്കാം, ചെയ്യിപ്പിക്കാം
ഉദാഹരണത്തിന് ഒരു പാര്‍ക്കില്‍ ചെന്നാല്‍ സ്ലൈഡില്‍ കളിക്കാന്‍ കുഞ്ഞിന് ഭയമാണെന്നിരിക്കട്ടെ. ആദ്യം പാര്‍ക്കിന് സമീപമായി ഇരുത്തുക. മറ്റു കുട്ടികള്‍ ഭയമില്ലാതെ കളിക്കുന്നത് അവര്‍ കാണട്ടെ. അടുത്ത പ്രാവശ്യം പ്ലേ ഗ്രൗണ്ട് വഴി നടക്കട്ടെ, അതിനടുത്ത പ്രാവശ്യം പതുക്കെ ഊഞ്ഞാലില്‍ ഇരുന്ന് ആടട്ടെ. അങ്ങനെ പതുക്കെ പതുക്കെ ഓരോ ചുവടുകളായി പുരോഗമിക്കട്ടെ. അങ്ങനെ നമ്മുടെ പിന്തുണയോടുകൂടി ആത്മവിശ്വാസത്തോടെ അവരുടെ ഉത്കണ്ഠ മാറി ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തട്ടെ.
നിങ്ങളാണ് റോള്‍ മോഡല്‍, മറക്കരുത്
കുഞ്ഞുങ്ങള്‍ക്ക് നമ്മള്‍ ഒരു നല്ല മാതൃകയാവാന്‍ ശ്രമിക്കുക. നമ്മള്‍ ഏത് രീതിയിലാണ് അവരുടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത്, പുറംലോകവുമായി എങ്ങനെ ഇടപെടുന്നു എന്നു തുടങ്ങി കുഞ്ഞുങ്ങള്‍ നമ്മളെ നിരന്തരം ശ്രദ്ധിക്കുന്നുണ്ടെന്ന് ഓര്‍ക്കുക.