നാണയ എടിഎമ്മുമായി ആർ.ബി.ഐ; കേരളത്തിൽ ആദ്യമെത്തുക കോഴിക്കോട്

Share our post

രാജ്യത്തെ 12 നഗരങ്ങളിൽ ക്യുആർ കോഡുകൾ ഉപയോഗിച്ച് കോയിൻ വെൻഡിംഗ് മെഷീനുകൾ എത്തുന്നു. മാർച്ചിൽ നടന്ന എം.പി.സി യോഗത്തിൽ കോയിൻ വെൻഡിംഗ് മെഷീനുകൾ ഉടൻ ലഭ്യമാകുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ മെഷീനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് മെഷീനുകളെത്തുക.

നാണയങ്ങളുടെ വിതരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, റിസർവ് ബാങ്ക് ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐ.സി.ഐ.സി.ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് തുടങ്ങിയ അഞ്ച് ബാങ്കുകളുമായി സഹകരിച്ച് പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നും കോഴിക്കോട് മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അഹമ്മദാബാദ്, ബറോഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, മുംബയ്, ന്യൂഡല്‍ഹി, പാട്‌ന, പ്രയാഗ്‌രാജ് എന്നിവയാണ് കോയിൻ വെൻഡിംഗ് മെഷീനുകൾ എത്തുന്ന മറ്റ് നഗരങ്ങള്‍.

ഒരു രൂപ മുതല്‍ 20 രൂപവരെയുള്ള നാണയങ്ങളായിരിക്കും ഉപയോക്താക്കൾക്ക് ലഭിക്കുക. മെഷീനിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് നാണയം എടുക്കേണ്ടത്. എത്ര നാണയങ്ങങ്ങൾ വേണമെങ്കിലും ഉപഭോക്താവിന് സ്‌കാന്‍ ചെയ്‌തെടുക്കാം.

നോട്ട് അച്ചടി ഏറെ ചെലവുള്ളതുകൊണ്ട് പതിയെ ചെറിയ തുകകളുടെ കറന്‍സി നോട്ടുകളുടെ അച്ചടി അവസാനിപ്പിക്കാനാണ് ആർ.ബി.ഐ ലക്ഷ്യമിടുന്നത്. സമയ ലാഭവും ആർ.ബി.ഐ പരിഗണിക്കുന്നു. സാധാരണ ഓരോ നോട്ട് അച്ചടിക്കാനും 27 ദിവസം വരെ എടുക്കാറുണ്ട്. നാണയങ്ങള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതിനാല്‍ നോട്ട് അച്ചടിയും അതുവഴി ചെലവും കുറയ്ക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!