മാനന്തവാടി -കണ്ണൂർ വിമാനത്താവളം റോഡ്; സർവേ പൂർത്തിയായെങ്കിലും അതിരു കല്ലിടൽ വൈകുന്നു

പേരാവൂർ: മാനന്തവാടി -കണ്ണൂർ വിമാനത്താവളം റോഡിൻ്റെ സർവേ പൂർത്തിയായെങ്കിലും അതിരു കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ഇഴയുന്നു.2023 മാർച്ച് 31-നകം അതിരു കല്ലുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കുമെന്ന കേരള റോഡ് ഫണ്ട് ബോർഡിൻ്റെ പ്രഖ്യാപനം രണ്ടു മാസം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ല.
അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള നാലുവരിപ്പാതയുടെ ഭാഗമായ കേളകം, പേരാവൂർ ബൈപ്പാസുകളുടെ അതിരു കല്ലുകളാണ് ഇനിയും സ്ഥാപിക്കാത്തത്.
കേളകത്ത് ബൈപ്പാസ് സർവേ പൂർത്തിയായെങ്കിലും ഹൈസ്കൂൾ റോഡ് മുതൽ മഞ്ഞളാംപുറം സാൻജോസ് പള്ളി വരെ അതിരു കല്ലുകൾ സ്ഥാപിച്ചിട്ടില്ല.
പേരാവൂർ കൊട്ടംചുരം മുതൽ മാലൂർ റോഡിൽ തെരു ക്ഷേത്രം വരെയുള്ള ബൈപ്പാസ് റോഡിൻ്റെ അതിരുകല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടില്ല.
അതിരുകല്ലുകൾ സ്ഥാപിക്കുന്ന ജോലി ഏറ്റെടുത്ത കരാറുകാരൻ്റെ അനാസ്ഥയാണ് പ്രവൃത്തി വൈകാൻ കാരണം.റോഡിൻ്റെ നിർമാണ ചുമതല വഹിക്കുന്ന കേരള റോഡ്സ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരുടെ അലംഭാവവും വിമാനത്താവള റോഡ് നിർമാണം വൈകാൻ കാരണമാകുന്നുണ്ട്.
അതിരുകല്ലുകൾ സ്ഥാപിക്കുന്നത് വൈകുന്നതിനാൽ നിരവധി ഭൂവുടമകളാണ് വീടും കടയും പോലുള്ള വിവിധ നിർമാണങ്ങൾക്ക് തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്ന് അനുമതി ലഭിക്കാതെ ദുരിതത്തിലാവുന്നത്.