അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.എം. ഷാജിയുടെ ഹരജി മാറ്റി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജി നൽകിയ ഹരജി ഹൈകോടതി ജൂൺ ആറിലേക്ക് മാറ്റി. സർക്കാറിന്‍റെ പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പ്രഥമദൃഷ്ട്യ വിലയിരുത്തി കേസിലെ തുടർനടപടി നേരത്തേ കോടതി സ്റ്റേ ചെയ്തിരുന്നു.
ഷാജിക്കെതിരെ അഡ്വ. എം.ആർ. ഹരീഷ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടത്. അനധികൃത സ്വത്ത് സമ്പാദിച്ച് ഷാജി വീടുൾപ്പെടെ നിർമിച്ചെന്നായിരുന്നു പരാതി.
പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. സ്വകാര്യ പരാതി അന്വേഷണത്തിനായി അയക്കാൻപോലും പ്രോസിക്യൂഷൻ അനുമതി അനിവാര്യമാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാനാണ് ഹരജി പരിഗണിക്കുന്നത്.