അര നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂളിൽ നാലാം ക്ലാസുകാരനായ ഒരു വിദ്യാർഥി മാത്രം; ഏക അധ്യാപകനും വിരമിക്കുന്നു

തിരുവനന്തപുരം : എല്ലാ സ്കൂളുകളും പ്രവേശനോത്സവത്തിൽ പുതിയ കുട്ടികളെ സ്വീകരിക്കാൻ കാത്തിരിക്കുമ്പോൾ, തൊളിക്കോട് മരങ്ങാട് മേത്തോട്ടി ഗവ.ട്രൈബൽ എൽ.പി.എസ് കാത്തിരിക്കുന്നത് പുതിയ അധ്യാപകനെയാണ്. ജൂൺ ഒന്നിന് പുതിയ അധ്യാപകൻ ചുമതലയേറ്റില്ലെങ്കിൽ ഈ സ്കൂളിലെ ഒരേയൊരു വിദ്യാർഥി എ.എസ്. സുഖിൽ പിന്നെ ആരോട് മിണ്ടും? സ്കൂളിൽ സുഖിലിന് കൂട്ടായിരുന്ന ഹെഡ്മാസ്റ്റർ നഗരൂർ സ്വദേശി കെ.വി. അനിൽകുമാർ നാളെ വിരമിക്കുകയാണ്. പ്രവേശനോത്സവ ദിനത്തിൽ പുതിയ അധ്യാപകൻ ചാർജെടുക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിട്ടുണ്ട്.
മേത്തോട്ടി ഗവ.ട്രൈബൽ എൽ.പി.എസിലെ ഏക വിദ്യാർഥിയാണ് ആര്യനാട് ഐത്തി സ്വദേശിയായ നാലാം ക്ലാസുകാരൻ സുഖിൽ. ഒന്നാം ക്ലാസിൽ ആരും പ്രവേശനം നേടിയിട്ടില്ല. രണ്ടിലും മൂന്നിലും ആരും പഠിക്കുന്നുമില്ല. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റക്കുട്ടിക്ക് വേണ്ടി അധ്യയന വർഷം സ്കൂൾ തുറക്കുന്നത്. അരുവിയോട്, ആനപ്പെട്ടി, മേത്തോട്ടം ആദിവാസി ഊരുകളിലും തൊഴിക്കോട്, ഉഴമലയ്ക്കൽ ഗ്രാമങ്ങളിലുള്ളവർക്കുമായി 1975ൽ ഉദ്ഘാടനം ചെയ്ത 5 ക്ലാസ് മുറികളുള്ള സ്കൂൾ പ്രധാന റോഡിൽനിന്ന് 5 കിലോമീറ്ററിലേറെ അകലെയാണ്. ഒരുകാലത്ത് നൂറിലധികം കുട്ടികളുണ്ടായിരുന്നു.