മാസങ്ങള്‍ക്ക് ശേഷം മണാലി- ലേ ഹൈവേ തുറന്നു; ആവേശത്തോടെ സഞ്ചാരികള്‍

Share our post

സഞ്ചാരികളുട പ്രിയപ്പെട്ട പാതയായ മണാലി- ലേ ഹൈവേ തുറന്നു. ലഡാക്കിന്റെ തലസ്ഥാനമായ ലേയെയും ഹിമാചല്‍ പ്രദേശിലെ മണാലിയെയും ബന്ധിപ്പിക്കുന്ന ഈ ഹൈവേ മഞ്ഞുമൂടി കിടന്നതിനാല്‍ മാസങ്ങളോളം അടച്ചിട്ടിരിക്കുകയായിരുന്നു. 427 കിലോമീറ്റര്‍ നീളമുള്ള പാതയിലെ മഞ്ഞ് നീക്കം ചെയ്ത ശേഷമാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ഈ പാതയാണ് ലഡാക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നത്. ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കം വഴി ബിയാസ് നദിയുടെ കുളു താഴ്‌വരയെ ലാഹൗളിലെ ചന്ദ്ര, ഭാഗ നദീതടങ്ങളുമായി ബന്ധിപ്പിക്കുന്നു.

ഇന്ത്യയുടെ തന്ത്രപ്രധാനപ്പെട്ട അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ സൈനികര്‍ക്കാവശ്യമായ ചരക്കുനീക്കങ്ങള്‍ നടത്തുന്നതും മണാലി- ലേ ഹൈവേയിലൂടെയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ പാതയ്ക്ക് സമാനമായ പല അതിര്‍ത്തി പാതകളും പെട്ടെന്ന് തുറക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബി.ആര്‍.ഒ.

മണാലി- ലേ ഹൈവേ എല്ലാ വര്‍ഷവും മെയ് പകുതി മുതല്‍ അല്ലെങ്കില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഏകദേശം അഞ്ച് മാസത്തേക്ക് പ്രവര്‍ത്തനസജ്ജമായിരിക്കും. ബാക്കിയുള്ള മാസങ്ങളില്‍ മഞ്ഞുവീണ് അടഞ്ഞുകിടക്കുകയാവും. ബൈക്ക് റൈഡര്‍മാരുടെ ഒരു സ്വപ്‌നപാതകൂടിയാണിത്.

ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ രണ്ട് ജില്ലകളില്‍ ഒന്നാണ് ലേ. ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലൊന്നായ ലേ സഞ്ചാരികളുടെ പറുദീസ കൂടിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!