എച്ച്.എം.ഡി ഗ്ലോബല്‍ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളിലൊന്നാണ് നോക്കിയ സി22. 10000 രൂപയില്‍ താഴെ നിരക്കില്‍ നിരവധി സ്മാര്‍ട്‌ഫോണുകള്‍ നോക്കിയ പുറത്തിറക്കിയിട്ടുണ്ട്.
അതില്‍ പ്രധാനപ്പെട്ട ബജറ്റ് സ്മാര്‍ട്‌ഫോണ്‍ സീരീസ് ആണ് നോക്കിയ സി സീരീസ്. ഈ പരമ്പരയിലേക്ക് ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണുകളിലൊന്നാണ് നോക്കിയ സി22.
പ്രധാനമായും ദൈര്‍ഘ്യമേറിയ ബാറ്ററിയും ഈടുനില്‍ക്കുന്ന ബോഡിയുമാണ് നോക്കിയ ഈ ഫോണില്‍ നല്‍കുന്ന വാഗ്ദാനം. പോളി കാര്‍ബണേറ്റ് യുണിബോഡി ഡിസൈനും ഉറപ്പുള്ള ഡിസ്‌പ്ലേ, ഐപി52 പ്രൊട്ടക്ഷന്‍ റേറ്റിങ് എന്നിവയും ഫോണില്‍ കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.
ഫോണിന്റെ സവിശേഷതകള്‍
7999 രൂപയില്‍ വില ആരംഭിക്കുന്ന ഫോണിന് 4ജിബി (2ജിബി + 2ജിബി വെര്‍ച്വല്‍ റാം), 6ജിബി (4ജിബി + 2ജിബി വെര്‍ച്വല്‍ റാം) എന്നീ രാം വേരിയന്റുകളില്‍ 64ജിബി ഇന്റേണല്‍ സ്റ്റോറേജ് കോണ്‍ഫിഗറേഷനിലാണ് (256ജിബി അധിക മെമ്മറി സപ്പോര്‍ട്ട്) നോക്കിയ സി22 എത്തുന്നത്.
യുണി സോക്ക് എസ് സി 9863എ ഒക്ടാകോര്‍ പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 13 (ഗൊ എഡിഷന്‍) ആണുള്ളത്. 4ജി സ്മാര്‍ട്‌ഫോണ്‍ ആണിത്. നാനോ സിംകാര്‍ഡ് ഉപയോഗിക്കാം.
ഫ്‌ളാഷ് ലൈറ്റോടുകൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറയ്ക്ക് അരികിലായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നു. പവര്‍ ബട്ടനും വോളിയം ബട്ടനുകളും ഫോണിന് വലത് ഭാഗത്തായി നല്‍കിയിരിക്കുന്നു.
ടൈപ്പ് സി ചാര്‍ജര്‍ സ്ലോട്ട് ആണ് ഫോണിന് നല്‍കിയിരിക്കുന്നത്. താഴെയായി സ്പീക്കറും മുകളില്‍ 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്കും നല്‍കിയിരിക്കുന്നു.
ഫോണ്‍ എങ്ങനെയുണ്ട്?
എച്ച്.എം.ഡി ഗ്ലോബല്‍ വാഗ്ദാനം ചെയ്യുന്ന പോലെ ഉറപ്പുള്ള രൂപകല്‍പനയാണ് ഫോണിനെന്ന് അത് ഒരു തവണ കയ്യില്‍ എടുക്കുമ്പോള്‍ അനുഭവപ്പെടും. സാന്റ്, പര്‍പ്പിള്‍, ചാര്‍ക്കോള്‍ കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ എത്തുന്നത്.
മെറ്റാലിക് ഫിനിഷിനിലാണ് ഇതിന്റെ പോളി കാര്‍ബണേറ്റ് ബാക്ക് പാനല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. താഴെ ഇട്ട് നോക്കി പരീക്ഷിച്ചില്ലെങ്കിലും അകത്തുള്ള ഉറപ്പുള്ള മെറ്റല്‍ ഷാസിയും 2.5 ഡി ഡിസ്ലേ ഗ്ലാസുമെല്ലാം ഫോണിന് ആവശ്യമായ ഉറപ്പുനല്‍കുന്നവയാണ്. ഇതിന് പുറമെ ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയും ഉണ്ട്.
6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 5000 എം.എ.എച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. മൂന്ന് ദിവസത്തോളം ബാറ്ററി ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
കാര്യമായ ഉപയോഗമില്ലാതെ മൂന്നോ അതിലധികമോ നേരം ഫോണില്‍ ചാര്‍ജ് കിട്ടുന്നുണ്ട്. ഭാരം കുറഞ്ഞ ആന്‍ഡ്രോയിഡ് 13 ഗോ എഡിഷനായതും ഇതിന് സഹായകമാവുന്നു. എന്നാല്‍ ഈ 5000 എംഎഎച്ച് ബാറ്ററി 0% ല്‍ നിന്ന് 100 % ആയി കിട്ടാന്‍ 2 മണിക്കൂറിലേറെ സമയം വേണം.
നോക്കിയ സി22 റിയര്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രം 2022 ഓഗസ്റ്റില്‍ അവതരിപ്പിച്ച ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഗോ എഡിഷനാണ് ഫോണിലുള്ളത്. ഇത് പുതുമയുള്ള അനുഭവം ഫോണിന് നല്‍കുന്നുണ്ട്. ഗൂഗിളിന്റെ ആപ്പുകളും ചില ഗെയിമിങ് ആപ്പുകളും നെറ്റ്ഫ്‌ളിക്‌സ് ഫേസ്ബുക്ക് ലൈറ്റ് എന്നീ ആപ്പുകളും മാത്രമാണ് ഫോണിലുള്ളത്.
ആന്‍ഡ്രോയിഡ് ഗോ എഡിഷന്റെ ലാളിത്യം ഈ മെനു ലിസ്റ്റില്‍ തന്നെ പ്രകടമാണ്. എങ്കിലും 6ജിബി (4ജിബി + 2ജിബി വെര്‍ച്വല്‍ റാം) പതിപ്പില്‍ ആപ്പുകള്‍ തുറന്നുവരുന്നതിന് നേരിയ താമസം അനുഭവപ്പെടുന്നുണ്ട്. എങ്കിലും ലളിതമായ ഉപയോഗങ്ങള്‍ക്ക് ഈ ഫോണ്‍ അനുയോജ്യമാണ്.
ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിന് ഇതില്‍ പ്രൈമറി ക്യാമറ 13 മെഗാപിക്‌സലിന്റേതാണ് രണ്ട് എംപിയുടെ സെന്‍സറാണ് രണ്ടാമത്തേത്. എട്ട് എംപി സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. എഐ ക്യാമറാ ഫീച്ചറുകളോടെയാണ് എത്തുന്നത് എങ്കിലും വലിയൊരു ക്യാമറ അനുഭവം നല്‍കുന്ന ഫോണ്‍ അല്ല ഇത്. ചിത്രത്തിന്റെ ബ്രൈറ്റ്‌നെസ്, ഡെപ്ത് എന്നിവയെല്ലാം വലിയ നിലവാരമില്ലാത്തതാണ്. എങ്കിലും വിവിധങ്ങളായ എഐ ഫീച്ചറുകള്‍ ക്യാമറയിലുണ്ട്.
വാങ്ങാമോ?
ഒരു ചെലവ് കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന നിലയില്‍ നോക്കിയ സി22 നല്ലൊരു ഓപ്ഷനാണ് എന്ന് പറയേണ്ടതില്ലല്ലോ. 5000 എംഎഎച്ച് ബാറ്ററിയും ഉറപ്പുള്ള നിര്‍മിതിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വാഗ്ദാനം ചെയ്യുന്നപോലെ മൂന്ന് ദിവസത്തോളം ഫോണില്‍ ചാര്‍ജ് ലഭിക്കുന്നുണ്ട്. അതിവേഗ ചാര്‍ജിങ് ഇല്ലാത്തത് ഒരു പരിമിതിയാണ്. 10 വാട്ടിന്റെ ചാര്‍ജറാണ് ഫോണിനൊപ്പം. സുരക്ഷാ അപ്‌ഗ്രേഡുകള്‍ രണ്ട് വര്‍ഷത്തോളം ലഭിക്കുമെങ്കിലും ഒഎസ് അപ്‌ഡേറ്റുകള്‍ ഫോണില്‍ ഉണ്ടാവില്ല.
എന്തായാലും 10000 രൂപയില്‍ താഴെ വിലയില്‍ 4ജി ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മെച്ചപ്പെട്ട ബാറ്ററിയും ഈടും ആഗ്രഹിക്കുന്നവര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷനാണ് നോക്കിയ സി22.