പ്ലസ് വൺ ഏകജാലക പ്രവേശനം: കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ ഈ വർഷം സ്കൂളുകൾക്ക് തന്നെ

Share our post

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റിലേക്കുള്ള പ്രവേശനം ഈ വർഷം അതത് സ്കൂളുകൾക്ക് നടത്താം. പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റിലേക്കുള്ള പ്രവേശനം ഈ വർഷം സർക്കാർ ഏറ്റെടുക്കില്ല. ഏകജാലക പ്രവേശന സോഫ് വെയറിൽ സമഗ്ര മാറ്റം ആവശ്യമായതിനാലാണ് ഇത്. എന്നാൽ അടുത്ത വർഷം മുതൽ സീറ്റുകൾ ഏറ്റെടുക്കാനാണ് തീരുമാനം.

പ്ലസ് വൺ പ്രോസ്പെക്ടസ് ഭേദഗതി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ ഈ വർഷവും സ്കൂൾ തലത്തിൽ പ്രവേശനം നടത്താൻ നിർദേശിച്ചത്. ഏപ്രിൽ 27ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കമ്യൂണിറ്റി ക്വോട്ട സീറ്റിലേക്കുള്ള അലോട്ട്മെന്റ് സർക്കാർ ഏറ്റെടുക്കണമെന്ന നിർദേശം വന്നത്.

ചില എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലെ പ്രവേശനത്തിൽ കൃത്രിമം നടക്കുന്നെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. കഴിഞ്ഞവർഷം എയ്ഡഡ് മാനേജ്മെന്റുകൾ അനധികൃതമായി കൈവശംവെച്ച 10 ശതമാനം സീറ്റുകൾ സർക്കാർ ഏറ്റെടുത്ത് മെറിറ്റിൽ ലയിപ്പിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് സർക്കാർ അലോട്ട്മെന്റ് നടത്താനുള്ള നിർദേശം ലഭിച്ചത്. സീറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനവും വന്നിരുന്നു. എന്നാൽ, ഏകജാലക പ്രവേശന നടപടികൾ നടത്തുന്നത് എൻ.ഐ.സി തയാറാക്കിയ സോഫ്റ്റ്വെയർ അധിഷ്ഠിതമായാണ്.

കമ്യൂണിറ്റി ക്വോട്ട സീറ്റിലേക്കുള്ള പ്രവേശനവും ഇതോടൊപ്പം കൊണ്ടുവരുമ്പോൾ സോഫ്റ്റ് വെയറിൽ കാതലായ മാറ്റങ്ങൾ ആവശ്യമാണ്. ഇതിന് ഏറെ സമയം ആവശ്യമാണെന്നും ഇത് പ്ലസ് വൺ പ്രവേശന നടപടികൾ വൈകിക്കും എന്നുമുള്ള അഭിപ്രായമാണ് സീറ്റ് ഏറ്റെടുക്കൽ ഈ വർഷം വേണ്ട എന്ന നിലപാടിലേക്ക് എത്തിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!