ഹൈടെക് പ്രൗഢിയിൽ മാതമംഗലത്തിന്റെ സ്വന്തം സ്‌കൂൾ

മാതമംഗലം: പത്ത് ഹൈടെക് ക്ലാസ് മുറികൾ, ലൈബ്രറി, കംപ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, പ്രവൃത്തി പുരോഗമിക്കുന്ന ഡൈനിങ് ഹാൾ, ടോയ്‌ലറ്റ് കോംപ്ലക്സ്, ക്ലാസ് മുറികളിലേക്കുള്ള പ്രോജക്ടർ, സി.സി.ടി.വി. ഒറ്റനോട്ടത്തിൽ ഇതൊരു എൽ.പി സ്കൂൾ ആണോ എന്ന് ആരും സംശയിച്ചു പോവും.
മാതമംഗലം ഗവ. എൽ.പി സ്‌കൂൾ പുതിയ അധ്യയന വർഷം കുട്ടികളെ വരവേൽക്കുന്നത് ആധുനിക സൗകര്യമുള്ള കെട്ടിട പ്രൗഢിയോടെ.
ഒരു നൂറ്റാണ്ട് പിന്നിട്ട സ്‌കൂളിന്റെ വിജയഗാഥയ്‌ക്ക് നാന്ദി കുറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും.
1913ൽ സ്ഥാപിച്ച സ്കൂൾ എൽ.ഡി.എഫ് സർക്കാരിന്റെ കരുതലിലാണ് പുതുമോടിയിലായത്. 2013ൽ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴും സ്ഥലപരിമിതിയും കെട്ടിടത്തിന്റെ ശോച്യാവസ്ഥയിലും വലയുകയായിരുന്നു.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സ്കൂൾ വികസനത്തിനായി ഒരു ചെറുവിരൽപോലും അനക്കിയില്ല. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ സ്കൂളിന് മികച്ച പരിഗണനയാണ് ലഭിച്ചത്. പരിമിതികൾ ഓരോന്നായി മറികടക്കാൻ തുടങ്ങി.
ഹൈടെക് ക്ലാസ് മുറികളുടെ കെട്ടിട സമുച്ചയമാണ് കുട്ടികളെ കാത്തിരിക്കുന്നത്. സർക്കാർ അനുവദിച്ച 1.84 കോടി രൂപ ഉപയോഗിച്ചാണ് പ്രവൃത്തി നടത്തിയത്. 260 കുട്ടികൾ പഠിക്കുന്ന ഇവിടെ അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടം ഉണ്ടാകുന്നതോടെ കുട്ടികളുടെ എണ്ണം ഗണ്യമായി വർധിക്കും. ഈ വർഷം പ്രീപ്രൈമറി ക്ലാസുകളും ആരംഭിക്കും.