കണ്ണൂരിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി കൊല്ലപ്പെട്ടു: രണ്ടുപേർ അറസ്റ്റിൽ

തളിപ്പറമ്പ്: കെ.എസ്.ഇ.ബി. കരാർ തൊഴിലാളിയെ പാപ്പിനിശേരിയിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വെള്ളിക്കുളങ്ങര കുഞ്ഞിപ്പാടം സ്വദേശി പള്ളിയത്തുപറമ്പിൽ ബിജുവാണ് (47) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ഡീസന്റ് മുക്ക് എച്ച്.എന്‍.സി. കോളനിയിലെ എന്‍. നവാസ് (42), കൊല്ലം ഇരവിപുരം മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ളാറ്റില്‍ സുനില്‍കുമാര്‍(50) എന്നിവരെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി. ദിനേശന്‍ അറസ്റ്റ് ചെയ്തു.
കണ്ണപ്പിലാവ് കോൾ തുരുത്തി പാലത്തിന് സമീപം താമസക്കാരനായ ബിജുവിനെ തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കെ.എസ്.ഇ.ബി മയ്യിൽ സെക്ഷൻ ഓഫീസിലെ കരാർ ജീവനക്കാരനായ ബിജു സഹപ്രവർത്തകരായ ചിലർക്കൊപ്പമാണ് താമസിക്കുന്നത്. ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തിയത് പൊലീസാണ്.
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച നടന്ന പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ തലക്കടിയേറ്റ് ആന്തരിക രക്തസ്രാവം കാരണമാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മദ്യപിച്ച് നടന്ന വാക്ക് തര്‍ക്കത്തിനിടയില്‍ നവാസാണ് ബിജുവിന്റെ തലക്കടിച്ചത്. അബോധാവസ്ഥയിലായ ബിജുവിനെ കൃഷ്ണപ്രസാദിന്റെ സഹായത്തോടെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഡി.വൈ.എസ്.പി എം.പി. വിനോദ്, ഇന്‍സ്‌പെക്ടര്‍ എ.വി. ദിനേശന്‍, എസ്.ഐ പി. യദുകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.