കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ് കേന്ദ്രം

Share our post

മട്ടന്നൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകി എയര്‍ കാര്‍ഗോ ഹബ്ബായി തലയെടുപ്പോടെ നില്‍ക്കേണ്ട കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രം ശ്വാസംമുട്ടിക്കുന്നു.

കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പിറവികൊണ്ട വിമാനത്താവളത്തിൽ നാല് വർഷം പിന്നിട്ടിട്ടും വിദേശ വിമാന സർവീസ്‌ ആരംഭിക്കാത്തത് വള‍ർച്ചയെ സാരമായി ബാധിച്ചു. ഇത്‌ സംസ്ഥാനത്തെ കാര്‍ഷിക–വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും തിരിച്ചടിയാവും.

വിമാനത്താവളം സ്ഥിതിചെയ്യുന്നത് ഗ്രാമ പ്രദേശത്താണെന്നും കേരളത്തില്‍ ഇതിനകം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിദേശ കമ്പനികളുടെ സർവീസ് ആരംഭിക്കാനുള്ള അനുമതി കേന്ദ്രം തടയുന്നത്.

സംസ്ഥാന സർക്കാരും കിയാലും നിരന്തരം ആവശ്യപ്പെട്ടിട്ടും അനുഭാവ പൂർണമായ ഒരു നടപടിയും ഉണ്ടായില്ല. എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻഡോ എയർ, സിൽക് എയർ‌ തുടങ്ങി ഒട്ടേറെ വിദേശ കമ്പനികൾ കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ നേരത്തെ തന്നെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.

ഭൂമി അക്വയർ ചെയ്താൽ അനുമതി നൽകാമെന്നായിരുന്നു കേന്ദ്രം ആദ്യം പറഞ്ഞത്. തുടർന്ന്‌ ആവശ്യപ്പെട്ടതിലേറെ ഭൂമി ഏറ്റെടുത്ത്‌ നൽകിയിട്ടും അവഗണന തുടരുന്നു. പോയിന്റ് ഓഫ് കോൾ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവളത്തില്‍ കാർഗോ കോംപ്ലക്സും ആരംഭിച്ചത്.

കോവിഡ് കാലത്ത് യാത്രക്കാരെ എത്തിക്കാൻ വൈ‍ഡ് ബോഡി സർവീസ് നടത്തിയതല്ലാതെ പിന്നീട് കണ്ണൂരിൽ വലിയ വിമാനങ്ങൾ എത്തിയിട്ടില്ല. വൈഡ് ബോഡി വിമാനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനാകുംവിധം 3050 മീറ്റര്‍ റണ്‍വേ കണ്ണൂരിലുണ്ട്‌.

97,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ ഏരിയയില്‍ ഒരു മണിക്കൂറില്‍ 2000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ഹജ്ജ് തീർഥാടന മാസം കഴിയുന്നതുവരെ തുടർച്ചയായി വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിനാൽ വിമാനത്താവളം പൂർണതോതിൽ വലിയ വിമാന സർവീസ് തുടങ്ങുന്നതിന് സജ്ജമാകും.
ഇന്ത്യന്‍ വിമാന കമ്പനികളെ മാത്രം ആശ്രയിച്ച് കിയാലിന്‌ പുരോഗതി കൈവരിക്കാനാവില്ല.

നിലനില്‍പ്പിന് വിദേശ വിമാന സര്‍വീസ് അനിവാര്യമാണ്. ഇടതുപക്ഷ എം.പിമാര്‍ പോയിന്റ് ഓഫ് കോളിന്റെ ആവശ്യകതയെക്കുറിച്ച് പാര്‍ലമെന്റിന് അകത്തും പുറത്തും സംവദിച്ചിട്ടും ആവശ്യകത നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം കണ്ണടച്ചു.

ഇന്ത്യ 116 രാജ്യങ്ങളുമായാണ് പോയിന്റ് ഓഫ് കോള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉത്തര മലബാറിലെയും കർണാടകത്തിലെ കുടക്‌, മൈസൂരു, തമിഴ്‌നാട്ടിലെ ഊട്ടി എന്നിവിടങ്ങളിലെയും ലക്ഷക്കണക്കിന്‌ പ്രവാസികളാണ്‌ വിമാനത്താവളത്തിന്റെ പ്രധാന ഗുണഭോക്താക്കൾ.

കൂടുതൽ അന്താരാഷ്‌ട്ര സർവീസും വലിയ വിമാനങ്ങളും ഇവിടേക്ക്‌ വരണമെങ്കിൽ കൂട്ടായ സമർദവും ഇടപെടലും അനിവാര്യം. കേന്ദ്രത്തിന്റെ വികസന വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ എട്ടിന് രാവിലെ 10ന് മട്ടന്നൂരില്‍ എല്‍.ഡി.എഫ് നേതൃത്വത്തില്‍ ബഹുജന സദസ് സംഘടിപ്പിക്കുന്നുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!