കഥാനായകനു തന്നെ നോവൽ കൈമാറി; ‘ദൈവക്കരു’ നോവൽ ഏറ്റുവാങ്ങി കതിവനൂർ വീരൻ തെയ്യം

Share our post

പയ്യന്നൂർ : കഥയിലെ വീരനായകൻ തന്നെ പുസ്തകം ഏറ്റുവാങ്ങിയപ്പോൾ അതൊരു ചരിത്ര സംഭവമായി. തെയ്യം കുലപതിമാരായ ഒട്ടനേകം കനലാടികളെ സാക്ഷിയാക്കി കതിവനൂർ വീരൻ നായകനായ നോവൽ കതിവനൂർ വീരൻ തെയ്യം തന്നെ ഏറ്റുവാങ്ങുന്ന അപൂർവമായൊരു പുസ്തക പ്രകാശനത്തിനു പയ്യന്നൂർ സാക്ഷിയായി.

എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ വി.കെ.അനിൽകുമാറിന്റെ നോവലായ ദൈവക്കരുവിന്റെ പുസ്തക പ്രകാശനമാണ് അപൂർവത സൃഷ്ടിച്ചത്.

പയ്യന്നൂരിലെ തളിക്കാരൻ പള്ളിയറയിലെ കതിവനൂർ വീരൻ തെയ്യം കെട്ടിനോടനുബന്ധിച്ചാണ് പുസ്തക പ്രകാശനം നടന്നത്. ദീർഘകാലമായി തെയ്യം കെട്ട് രംഗത്ത് പ്രവർത്തിക്കുന്ന അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ, ചെങ്ങൽ കുഞ്ഞിരാമൻ പെരുവണ്ണാൻ, സജിവ് കുറുവാട്ട് പെരുവണ്ണാൻ, മോഹനൻ പെരുവണ്ണാൻ എന്നിവർ ചേർന്ന് ദൈവക്കരു പ്രകാശനം ചെയ്തു.

കതിവനൂർ വീരൻ തോറ്റം പാട്ടിലെ ആചാര്യനായ കൃഷ്ണൻ കൊയോങ്കര, സജേഷ് പണിക്കർ, രവി പെരുവണ്ണാൻ എന്നീ കനലാടിമാർ പുസ്തകം ഏറ്റുവാങ്ങി.

പ്രകാശനം ചെയ്ത ദൈവക്കരു നോവൽ പിന്നീട് കതിവനൂർ വീരൻ തെയ്യത്തിന് നോവലിസ്റ്റ് സമർപ്പിച്ചു. കതിവനൂർ വീരൻ തെയ്യം കെട്ടിലെ പ്രഗൽഭനായ കോലധാരി കണ്ടോന്താർ വിനു പെരുവണ്ണാന്റെ തെയ്യമായിരുന്നു.

താൻ നായകനായിരിക്കുന്ന പുസ്തകം സ്വീകരിച്ചു തെയ്യത്തിന്റെ ഹൃദയസ്പർശിയായ മൊഴികളും അരുളപ്പാടുകളും കൂടി നിന്നവരുടെ മനം കവർന്നു.

കതിവനൂർ വീരൻ മുഖ്യവിഷയമായി ധാരാളം പുസ്തകങ്ങളും ആവിഷ്കാരങ്ങളുമുണ്ട്. മരണാനന്തരം ദൈവക്കരുവായി വന്ന് ഉത്തരമലബാറിലെ സാധാരണക്കാരുടെ ദൈവമായി മാറിയ മാങ്ങാട്ട് മന്നപ്പന്റെ ജിവിതാഖ്യാനം നോവൽ രൂപത്തിൽ പുറത്തിറങ്ങുന്നതും ആദ്യമായിട്ടാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. സീക്ക് ഡയറക്ടർ ടി.പി.പത്മനാഭൻ, വൈ.വി.കണ്ണൻ എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!