വെടിവെപ്പ്, വീടുകയറി ആക്രമണം, വാഹനങ്ങള്‍ തകര്‍ത്തു; ചേര്‍ത്തലയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം

ചേര്‍ത്തല: ചേര്‍ത്തലയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്ക്. ഒരാള്‍ക്ക് എയര്‍ഗണ്‍ കൊണ്ട് വെടിയേറ്റിട്ടുണ്ട്.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായാണ് സംഘര്‍ഷമുണ്ടായത്.ചേര്‍ത്തല മുഹമ്മ പ്രദേശത്തായിരുന്നു പോലീസിനെ നോക്കുകുത്തിയാക്കി ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഒറ്റപ്പുന്ന ബാറിനു സമീപമാണ് ആദ്യം സംഘര്‍ഷമുണ്ടാകുന്നത്. ഇതില്‍ സുജിത്തെന്ന യുവാവിന് പരിക്കേറ്റിരുന്നു. ഇതിനു പുറമെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് വടക്കു വശത്തുവെച്ച് രഞ്ജിത്തെന്ന യുവാവിന് വെടിയേറ്റു.
എയര്‍ഗണ്‍ കൊണ്ടാണ് ഇയാള്‍ക്ക് വെടിയേറ്റത്. തുടര്‍ന്ന് രഞ്ജിത് ആസ്പത്രിയില്‍ ചികിത്സ തേടി. പിന്നാലെയാണ് വീടു കയറി ആക്രമിക്കുന്ന സംഭവവുമുണ്ടായത്.
ഗുണ്ടകള്‍ സംഘം ചേര്‍ന്നെത്തി വീടുകള്‍ ആക്രമിക്കുകയായിരുന്നു. ചേര്‍ത്തല വടക്കേക്കുരിശ്ശില്‍ അജിത്, പുത്തനങ്ങാടി പോട്ട ദീപു, തണ്ണീര്‍മുക്കത്തില്‍ പ്രജീഷ് എന്നിവരുടെ വീടാണ് ആക്രമിച്ചത്. സംഘം ചേര്‍ന്നെത്തി വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കടന്നു. ഗൃഹോപകരണങ്ങളെല്ലാം അടിച്ചു പൊളിച്ച് നശിപ്പിച്ചു.
ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. പുറത്തു നിര്‍ത്തിയിട്ടിരുന്ന ഒരു കാറും അടിച്ചു തകര്‍ത്തു. മറ്റൊരു വീട്ടിലുണ്ടായിരുന്ന രണ്ടു സ്‌കൂട്ടറുകളും അടിച്ചു തകര്‍ത്തു.