കല്യാണത്തിലും പ്രായപരിധിയിലും തര്‍ക്കം; കെ.എസ്.യു യോഗത്തില്‍ തമ്മില്‍ തല്ലി നേതാക്കള്‍

തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. കെ.പി.സി.സി. ആസ്ഥാനത്ത് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രായപരിധി കഴിഞ്ഞവരും വിവാഹം കഴിഞ്ഞവരും സംസ്ഥാന ഭാരവാഹികളായി തുടരുന്ന വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു തര്‍ക്കം.
മലപ്പുറത്തുനിന്നുള്ള കണ്ണന്‍ നമ്പ്യാര്‍ ഉള്‍പ്പെടെ വിവാഹം കഴിഞ്ഞ നേതാക്കള്‍ സംസ്ഥാന ഭാരവാഹി പട്ടികയില്‍ നിന്ന് സ്വയം രാജിവെക്കണമെന്ന് എ, ഐ. ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കമുണ്ടായി. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിന് പിന്തുണയുമായി കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ പക്ഷം കൂടെ എത്തിയതോടെയാണ് യോഗം കയ്യാങ്കളിയില്‍ കലാശിച്ചത്.
കെ.എസ്.യു. സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ തുടര്‍ച്ചയായി ബഹളത്തില്‍ കലാശിക്കുന്ന സാഹചര്യമാണ് കുറച്ചുകാലമായുള്ളത്. കഴിഞ്ഞ തവണയും യോഗത്തില്‍ വലിയ ബഹളമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ചത്തെ യോഗവും തമ്മില്‍ തല്ലിലും കയ്യാങ്കളിയിലും കലാശിച്ചത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ പാതിവഴിയിലാണ് യോഗം അവസാനിപ്പിച്ചത്. പ്രായം കഴിഞ്ഞവരും വിവാഹം കഴിച്ചവരുമായി 10 പേര്‍ ഇനിയും സംസ്ഥാന സമിതിയിലുണ്ട്. ഇവരെ പുറത്താക്കണമെന്നാണ് ഗ്രൂപ്പുകളുടെ ആവശ്യം. എ, ഐ ഗ്രൂപ്പുകളിലെ അഞ്ചോളം നേതാക്കള്‍ നേരത്തെ പ്രായപരിധിയും വിവാഹവുമായി ബന്ധപ്പെട്ട നിബന്ധനയും ചൂണ്ടിക്കാട്ടി സ്വയം രാജിവെച്ചിരുന്നു.
സംഘടനാപരമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണ് യോഗത്തിലുണ്ടായതെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. അതില്‍ കവിഞ്ഞ്, യോഗം സംഘര്‍ഷത്തില്‍ കലാശിച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അവകാശപ്പെട്ടു.