ആറളം ഫാം: ഭൂമി നൽകിയിട്ടും താമസിക്കാത്തവരുടെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും
ഇരിട്ടി : ആറളം ഫാമിൽ ഭൂമി നൽകിയിട്ടും താമസിക്കാൻ താൽപര്യമില്ലാത്തവർ, പ്ലോട്ട് മാറി താമസിച്ചവർ, കൈയേറി താമസിക്കുന്നവർ എന്നിവരെ കണ്ടെത്താൻ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കുമെന്ന് ട്രൈബൽ റീസെറ്റിൽമെൻറ് ആൻഡ് ഡവലപ്‌മെൻറ് മിഷൻ (ടി.ആർ.ഡി-എം) കേരള നിയമസഭയുടെ പട്ടികജാതി, പട്ടികവർഗ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയെ അറിയിച്ചു. സ്വന്തമായി ഭൂമിയില്ലാത്ത 3227 പേർക്ക് ആറളം ഫാമിൽ കൈവശരേഖ നൽകിയതായി ജില്ലാ ട്രൈബൽ ഓഫീസർ അറിയിച്ചു. 1484 പേരാണ് നിലവിൽ സ്ഥിരമായി താമസിക്കുന്നത്. സംയുക്ത പരിശോധനാ റിപ്പോർട്ട് ഊരുകൂട്ടത്തിൽവെച്ച് അതിന്റെ ശുപാർശ പരിഗണിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായ ജനകീയ സമിതിക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ കോപ്പി സമിതിക്ക് കൈമാറാൻ ചെയർമാൻ ഒ.ആർ. കേളു എം.എൽ.എ നിർദേശിച്ചു.
ആറളം ഫാമിൽ 2008-09 വർഷം സംസ്ഥാന നിർമ്മിതി കേന്ദ്രം മുഖേന നിർമ്മിച്ച സാനിറ്റേഷൻ പോലുമില്ലാത്ത 391 വാസയോഗ്യമല്ലാത്ത വീടുകൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികവർഗ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇവർക്ക് പകരം 304 പുതിയ വീട് നൽകിയതായും അവയുടെ നിർമ്മാണം പുരോഗമിക്കുന്നതായും ജില്ലാ ട്രൈബൽ ഓഫീസർ അറിയിച്ചു.