എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാവാൻ അപേക്ഷിക്കാം

Share our post

സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബ്ബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. സ്കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്.

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിഞ്ജാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്കായി ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30നും രാത്രി 8.00നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേർസ് ചാനൽ വഴി സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

അംഗങ്ങളായി തെരെഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്.

കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബ്ബിൽ ഇതുവരെ 3 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. വിശദാംശങ്ങൾ www.kite.kerala.gov.in – ൽ ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!