ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം വരുന്നൂ…റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ

Share our post

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആരംഭിക്കാൻ റെയിൽവേയുടെ അനുമതി ലഭിച്ചു. ധാരണാപത്രം റെയിൽവേ അംഗീകരിക്കുന്ന മുറയ്ക്ക് കൗണ്ടർ തുറന്നുപ്രവർത്തിക്കുമെന്ന് കളക്ടർ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു.

കൊവിഡ് കാലത്തെ സി.എഫ്.എൽ.ടി.സികളിലെ ഉപയോഗിക്കാതെ കിടക്കുന്ന സാമഗ്രികൾ, തദ്ദേശ സ്ഥാപനങ്ങൾ വഴി ആവശ്യമുള്ള ഗവ. ആശുപത്രികൾക്ക് കൈമാറണമെന്ന കെ പി മോഹനൻ എം.എൽ.എയുടെ നിർദ്ദേശം വികസന സമിതി അംഗീകരിച്ചു.

ബെഡുകൾ, ഫർണിച്ചർ, ഫ്രിഡ്ജുകൾ തുടങ്ങിയവയുടെ പട്ടിക തയ്യാറാക്കി പി.എച്ച്‌.സി/സി.എച്ച്‌.സി.കൾക്കോ താലൂക്ക് ആസ്പത്രികൾക്കോ കൈമാറണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.റോഡുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനും തോട് നികത്തൽ, കൈയറ്റം എന്നിവ ഒഴിപ്പിക്കാനും കളക്ടർ നിർദേശം നൽകി.

പ്രീമൺസൂൺ റോഡ് പ്രവൃത്തികൾ വരുന്നയാഴ്ച നടത്തുമെന്ന് പൊതുമരാമത്ത് (റോഡുകൾ) വിഭാഗം അറിയിച്ചു. പഞ്ചായത്ത് റോഡുകളിലും പ്രവൃത്തി നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയറിംഗ് വിഭാഗത്തിലെ ഒഴിവുകൾ നികത്താൻ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അദ്ധ്യക്ഷനായി. എം.എൽ.എമാരായ കെ.പി മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സബ് കളക്ടർ സന്ദീപ് കുമാർ, അസി. കളക്ടർ മിസാൽ സാഗർ ഭരത്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ടി. രാജേഷ്, എം.വി ഗോവിന്ദൻ എം.എൽ എയുടെ പ്രതിനിധി, ജില്ലാതല ഉദ്യോഗസ്ഥർ സംസാരിച്ചു. വിരമിക്കുന്ന സീനിയർ ഫിനാൻസ് ഓഫീസർ കെ സതീശന് യോഗം യാത്രയയപ്പ് നൽകി.

എടക്കാട്ടെ ഡയാലിസിസ് യൂണിറ്റ് തുറക്കും

എടക്കാട് പി.എച്ച്‌.സി ഡയാലിസിസ് യൂനിറ്റിലേക്ക് ഒരു ഡയാലിസിസ് ടെക്‌നീഷ്യൻ, ഒരു സ്റ്റാഫ് നഴ്‌സ് എന്നിവരുടെ നിയമന ഉത്തരവ് നൽകി. മരുന്നും മറ്റും വാങ്ങാൻ നടപടി സ്വീകരിക്കും. കെട്ടിടത്തിലെ അറ്റകുറ്റ പ്രവൃത്തി പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ യൂനിറ്റ് തുറക്കും.

നബാർഡ് സ്‌കീമിൽ നടപ്പിലാക്കുന്ന വളയഞ്ചാൽ പാലം, ആറളം ഫാം പാലം, ഓടന്തോട് പാലം എന്നിവ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കും.
ചപ്പാരപ്പടവ് കൂവേരി വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുതി ലൈൻ മാറ്റി കെട്ടിടം ഉടൻ തുറന്നുകൊടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!