പരാതി നല്‍കാനെത്തിയ ആളെ മര്‍ദിച്ച എസ്.ഐക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: പരാതി നല്‍കാനെത്തിയ വ്യക്തിയെ മര്‍ദിച്ച കേസില്‍ പോലീസുദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ.
തെന്മല സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഡി. ശാലുവിനെതിരെയാണ് നപടിയെടുക്കാന്‍ സംസ്ഥാന പട്ടികജാതി- പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ നിര്‍ദേശിച്ചത്. കൊല്ലം പുനലൂര്‍ സ്വദേശിയായ കെ. രാജീവിനെ മര്‍ദിച്ച സംഭവത്തിലാണ് നടപടി. 2021 മാര്‍ച്ചിലായിരുന്നു സംഭവം.
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അനുവദിച്ചുകിട്ടിയ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ ബന്ധുവിനെതിരെ പരാതിയുമായി തെന്മല പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് രാജീവിന് മർദനമേറ്റത്.
മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പോയപ്പോൾ ആസ്പത്രി മുറ്റത്തുനിന്ന് കൈവിലങ്ങിട്ട് അറസ്റ്റ് ചെയ്യുകയും സ്റ്റേഷനിലെത്തിച്ച് വെയിലത്ത് നിര്‍ത്തുകയും ചെയ്തു. തന്നെ മര്‍ദിച്ച ദൃശ്യങ്ങള്‍ രാജീവ് റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പോലീസ് ഉദ്യോഗസ്ഥർ ഫോണില്‍ നിന്ന് നശിപ്പിച്ചു കളഞ്ഞു.
എന്നാല്‍, ദൃശ്യങ്ങൾ മാധ്യമങ്ങള്‍ക്ക് കിട്ടിയതോടെയാണ് വിഷയം പൊതുമധ്യത്തിലേക്ക് വരുന്നത്. സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ച സി.ഐ വിശ്വംഭരനെ സര്‍വീസില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, രാജീവിനെ മര്‍ദിക്കാന്‍ കൂട്ടുനിന്ന ശാലുവിനെ സംരക്ഷിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്.