മാലിന്യ സംസ്കരണം; കർശന നടപടി സ്വീകരിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ ഉത്തരവ്

Share our post

പേരാവൂർ : തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലും നിത്യേനെ വർധിച്ചു വരുന്ന മാലിന്യ കൂനകൾ ഇല്ലാതാക്കാൻ കർശന നടപടി സ്വീകരിക്കാൻ സർക്കാർ ഉത്തരവ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ക്ലബ്ബുകൾ, കല്യാണ മണ്ഡപങ്ങൾ ഹാളുകൾ, മാളുകൾ, റീറ്റെയ്ൽ കേന്ദ്രങ്ങൾ, ഷോപ്പിങ്ങ് മാളുകൾ, വസ്ത്രശാലകൾ, തീയ്യേറ്ററുകൾ, പച്ചക്കറി പഴ വിപണന കടകൾ, മത്സ്യം,മാംസം എന്നിവ വിൽക്കുന്ന കടകൾ, വ്യാപാരകേന്ദ്രങ്ങൾ, ആസ്പത്രികൾ, ചന്തകൾ, കാന്റീനുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, സ്റ്റേഷനറി കടകൾ, 100 സ്ക്വയർ മീറ്ററിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ള വീടുകൾ, ബേക്കറികൾ, കൂടാതെ നിർമ്മാണശാലകൾ, മറ്റുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം തന്നെ മാലിന്യം തരംതിരിച്ച് ശേഖരിക്കാനുള്ള സംവിധാനം ഒരുക്കണം.

ഇങ്ങനെ ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുകയും, അജൈവ മാലിന്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത് ഏർപ്പാടാക്കിയിട്ടുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കൈമാറുകയും ചെയ്യണം.

മേൽ നിർദ്ദേശിച്ചിട്ടുള്ള കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയ്ക്ക് മുകളിൽ നിർദേശിച്ചിട്ടുള്ള പ്രകാരം മാലിന്യസംസ്കരണത്തിനുള്ള സംവിധാനങ്ങൾ അവയുടെ നിർമ്മാണവേളയിൽതന്നെ ഉണ്ടാക്കിയിരിക്കണം. അപ്രകാരമുള്ള സംവിധാനങ്ങൾ ഇല്ലാത്തവക്ക് പ്രവർത്തനാനുമതിയോ ലൈസൻസോ കെട്ടിടനമ്പറോ തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുവാൻ പാടില്ല.

നിലവിലുള്ള അത്തരം കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവക്ക് സംവിധാനം ഉണ്ടാക്കുന്നതിനോ പോരായ്മകൾ പരിഹരിക്കുന്നതിനോ നിശ്ചിത സമയം സെക്രട്ടറിക്ക് അനുവദിക്കാവുന്നതും മതിയായ സംവിധാനം ഉണ്ടാക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസും കെട്ടിട നമ്പരും പ്രവർത്തനാനുമതിയും ബന്ധപ്പെട്ട കക്ഷിക്ക് പറയുവാനുള്ളത് പറയുവാൻ ഒരു അവസരം നൽകിയതിനുശേഷം റദ്ദാക്കാവുന്നതുമാണ്.

സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയോ ഇവയുടെ ലംഘനം നടത്തുകയോ ചെയ്യുന്ന ഏതൊരാൾക്കും സ്ഥാപനത്തിന്മേൽ, ആറ് മാസത്തിൽ കുറയാത്തതും ഒരു വർഷം വരെ ആകാവുന്നതുമായ കാലത്തേക്കുള്ള തടവോ, പതിനായിരം രൂപയിൽ കുറയാത്തതും അൻപതിനായിരം ആകാവുന്നതുമായ പിഴയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.ശിക്ഷിക്കപ്പെട്ട ഏതൊരാളും, ഈ വ്യവസ്ഥകളുടെ ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും ആയിരം രൂപയിൽ കുറയാതെയുള്ള പിഴയ്ക്ക് ശിക്ഷിക്കപ്പെടേണ്ടതാണ്.

ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ ഇതുവരെ സ്വീകരിക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉടൻ നടപടി സ്വീകരിക്കാനാണ് സർക്കാർ ഉത്തരവ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!