സ്കൂളിൽ 220 പ്രവൃത്തിദിനം: പുതിയ അധ്യയനവർഷം പകുതി ശനിയാഴ്ചയും ക്ലാസുകൾ
തിരുവനന്തപുരം: സ്കൂളുകളിൽ 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാൻ സർക്കാർ തീരുമാനമെടുത്താൽ പുതിയ അധ്യയന വർഷത്തെ പകുതി ശനിയാഴ്ചകൾ ക്ലാസുണ്ടാവും. വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ച കരട് അക്കാദമിക് കലണ്ടറിലാണ് 220 പ്രവൃത്തിദിനത്തിനുള്ള നിർദേശം. ഇക്കാര്യം കഴിഞ്ഞ വാർത്താസമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടിയും ശരിവെച്ചു. ഇതോടെ, ഈവർഷം അധ്യയന ദിവസങ്ങൾ കൂട്ടാനാണ് സർക്കാർ തീരുമാനമെന്ന് വ്യക്തമായി. ഇക്കഴിഞ്ഞ അധ്യയനവർഷം ഇരുനൂറോളം പ്രവൃത്തിദിനങ്ങളുണ്ടായിരുന്നു. കോവിഡിനെത്തുടർന്ന് മുൻവർഷങ്ങളിൽ ഇത് സാധിച്ചില്ല.
പുതിയ കലണ്ടറനുസരിച്ച്, ആറുമാസം മൂന്നു ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും. മൂന്നുമാസം രണ്ടുശനിയാഴ്ചകൾ പ്രവൃത്തിദിനവും ഒരുമാസം മുഴുവൻ ശനിയാഴ്ചകളും പ്രവൃത്തിദിനമാകും. ജൂൺ, സെപ്റ്റംബർ, ഒക്ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും മൂന്നുശനിയാഴ്ചകൾവീതം ക്ലാസുകളുണ്ടാവുക.
ജൂലായിൽ എല്ലാശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. ഓഗസ്റ്റ്, നവംബർ, ഡിസംബർ മാസങ്ങളിൽ രണ്ടുവീതം ശനിയാഴ്ച പ്രവൃത്തിദിനമാക്കാനാണ് നിർദേശം. മൊത്തം 28 ശനിയാഴ്ചകളിൽ ക്ലാസ് നടത്തി 220 അധ്യയനദിവസങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
വി.എച്ച്.എസ്.ഇ.യിൽ 221 പ്രവൃത്തിദിനങ്ങൾ വേണമെന്നാണ് നിർദേശം. ഹയർസെക്കൻഡറിയിൽ 192 പ്രവൃത്തിദിനങ്ങളേ നിർദേശിച്ചിട്ടുള്ളൂ. ചുരുങ്ങിയത് ആയിരം മണിക്കൂർ, അധ്യയനവർഷം ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥ.
ഇപ്പോൾത്തന്നെ പലകാരണങ്ങളാൽ അധ്യയനം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. കുട്ടികൾക്ക് പഠനമുറപ്പാക്കാൻ അവസരമൊരുക്കുകയെന്നതാണ് പ്രവൃത്തിദിനം കൂട്ടാൻ സർക്കാർ ഉന്നയിക്കുന്ന വാദം. കുട്ടികൾക്ക് പഠനഭാരം കൂടുമെന്നാണ് അധ്യാപകസംഘടനകളുടെ എതിർവാദം. ഇത് വിദ്യാഭ്യാസനിലവാരത്തെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.