കോഴിക്കോട്: ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഷിബിലും ഫര്‍ഹാനയും പിടിയിലായത് ചെന്നൈയില്‍നിന്ന് ജംഷേദ്പുരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ.
കഴിഞ്ഞദിവസം രാത്രി ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഷിബിലിനെയും ഫര്‍ഹാനയെയും ആര്‍.പി.എഫ്. സംഘം കസ്റ്റഡിയിലെടുത്തത്. എഗ്മോറില്‍നിന്ന് ജംഷേദ്പുര്‍ ടാറ്റാ നഗര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യാനായിരുന്നു പ്രതികളുടെ പദ്ധതി.
ഈ ട്രെയിനിനായി വെയിറ്റിങ് റൂമില്‍ കാത്തിരിക്കുകയായിരുന്ന ഇരുവരെയും ആര്‍.പി.എഫ്. നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സിദ്ദിഖിനെ കാണാതായെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം ഷിബിലിനും ഫര്‍ഹാനയ്ക്കും ഇതില്‍ പങ്കുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ലൊക്കേഷന്‍ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ചെന്നൈയിലേക്ക് കടന്നതായി സംശയമുണ്ടായത്.
കഴിഞ്ഞദിവസം വൈകിട്ട് 5.45-ഓടെയാണ് ഇതുസംബന്ധിച്ച് തിരൂര്‍ പോലീസില്‍നിന്നും ചെന്നൈ എഗ്മോറിലെ ആര്‍.പി.എഫിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ആര്‍.പി.എഫ്. സംഘം നടത്തിയ പരിശോധനയില്‍ രാത്രി ഏഴുമണിയോടെ ഇരുവരെയും പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ രണ്ടുപ്രതികളെയും തിരൂര്‍ പോലീസിന് കൈമാറി.
അതിനിടെ, അട്ടപ്പാടി ചുരത്തില്‍ ട്രോളി ബാഗുകളിലാക്കിയനിലയില്‍ കണ്ടെത്തിയ സിദ്ദിഖിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് വെട്ടിനുറുക്കിയ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിച്ചത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് പുറമേ രാസപരിശോധനയും നടത്തുമെന്നാണ് പോലീസ് നല്‍കുന്നവിവരം. കൊല്ലപ്പെട്ട സിദ്ദിഖിന്റെ ശരീരത്തില്‍ ഏതെങ്കിലുംതരത്തിലുള്ള വിഷാംശമുണ്ടോ എന്നതടക്കം കണ്ടെത്താനാണ് രാസപരിശോധനയും നടത്തുന്നത്.
സിദ്ദിഖ് കൊലക്കേസില്‍ വല്ലപ്പുഴ സ്വദേശി ഷിബില്‍, ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശി ഫര്‍ഹാന, ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിഖ് എന്നിവരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. കൃത്യത്തില്‍ ആഷിഖിനും പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ നേരത്തെ പല ക്രിമിനല്‍കേസുകളിലും ഉള്‍പ്പെട്ടയാളാണ്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹോട്ടലിലെ ജോലിക്കാരനായിരുന്ന ഷിബിലിനെ സിദ്ദിഖ് ജോലിയില്‍നിന്ന് പറഞ്ഞുവിട്ടത്. ഷിബിലിന്റെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് മറ്റുജീവനക്കാര്‍ പരാതി ഉന്നയിച്ചതോടെയാണ് ഇയാളെ പറഞ്ഞുവിടാന്‍ സിദ്ദിഖ് തീരുമാനിച്ചത്. ശമ്പളമെല്ലാം കൊടുത്തുതീര്‍ത്താണ് ഷിബിലിനെ പറഞ്ഞുവിട്ടതെന്നും ഹോട്ടലിലെ ജീവനക്കാര്‍ പറഞ്ഞിരുന്നു.
മേയ് 18-ന് സ്വന്തം കാറിലാണ് സിദ്ദിഖ് ഹോട്ടലില്‍നിന്ന് പോയതെന്നാണ് ഹോട്ടലിലെ തൊഴിലാളിയായ യൂസഫ് പ്രതികരിച്ചത്.
നാലരയോടെ ഫോണില്‍വിളിച്ചപ്പോള്‍ തിരികെവരാന്‍ വൈകുമെന്നും രാത്രി ഒമ്പതുമണിയാകുമെന്നും പറഞ്ഞു. എന്നാല്‍ രാത്രി ഒമ്പത് മണിക്ക് വീണ്ടും ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും യൂസഫ് പറഞ്ഞു.