നവോദയയിൽ പ്രവേശനം വേണോ ; എക്‌സ്‌റേ, സ്‌കാനിങ്‌ റിപ്പോർട്ടുമായി വരൂ

Share our post

കോഴിക്കോട്‌: നിങ്ങളുടെ കുട്ടികളെ നവോദയ സ്‌കൂളുകളിൽ ചേർക്കണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മക്കളെ ഏതെങ്കിലും സൂപ്പർ സ്‌പെഷ്യാലിറ്റി ആസ്പത്രിയുടെ ഹെൽത്ത്‌ ചെക്കപ്പ്‌ സ്‌കീമിൽ ചേർക്കണം. പഠനത്തിനുമുമ്പ്‌ കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാനാണ്‌ കേന്ദ്ര സർക്കാരിനുകീഴിലെ നവോദയ സ്‌കൂൾ അധികൃതരുടെ വിചിത്രനടപടി.  

പുതിയ അധ്യയന വർഷത്തെ പ്രവേശന മാർഗനിർദേശത്തിലാണ്‌ മുഴുവൻ ശരീരഭാഗങ്ങളുടെയും പരിശോധനാഫലം രേഖപ്പെടുത്തണമെന്ന ആവശ്യം. മുൻപ്‌ മെഡിക്കൽ സർട്ടിഫിക്കറ്റ്‌ മാത്രമായിരുന്നു ആവശ്യം. എന്നാൽ, ഇത്തവണ ഹൃദയം പരിശോധിച്ച ഇക്കോ കാർഡിയോഗ്രാം, വയറിന്റെ അൾട്രാസൗണ്ട്‌ ടെസ്‌റ്റ്‌, നെഞ്ചിന്റെ എക്‌സ്‌റേ എന്നിവ എടുക്കണം. ഇവയ്‌ക്കുപുറമെ ഹിമോഗ്രാം, രക്തത്തിന്റെ ആർ/ഇ, തൈറോയ്‌ഡ്‌ ടെസ്‌റ്റ്‌ എന്നിവയും നടത്തണം. കണ്ണ്‌, ഇഎൻടി, ദന്തൽ ഡോക്ടർമാരുടെ റിപ്പോർട്ടും വേണം. മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച്‌ ഡോക്ടർ രോഗമില്ലെന്ന്‌ സാക്ഷ്യപ്പെടുത്തണം. ഈ റിപ്പോർട്ടുകളെല്ലാം അപേക്ഷക്കൊപ്പം നൽകണം. 

ചെറിയ കുട്ടികൾക്ക്‌ ആവശ്യമില്ലാത്ത പരിശോധനകൾ നടത്തുന്നത്‌ സാമ്പത്തിക ചെലവിനൊപ്പം റേഡിയേഷൻ സാധ്യതകൾക്കും ഇടയാക്കുന്നതായി രക്ഷിതാക്കൾ പറയുന്നു. സ്‌കൂളിലെ വിദ്യാർഥികളും പുതിയ അധ്യയന വർഷം മെഡിക്കൽ പരിശോധന നടത്തി റിപ്പോർട്ട്‌ നൽകണം. രക്ഷിതാക്കളിൽ പലരും നവോദയ അധികൃതരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!