നെടുംപൊയിൽ ഏലപ്പീടികയിൽ ട്രെയിനെത്തി; ഇനി യാത്രക്കാർ എത്തണം!

കണിച്ചാർ : പഞ്ചായത്തിലെ ജനങ്ങൾക്ക് ട്രെയിൻ കാണാൻ ഇനി ദൂരെയൊന്നും പോകേണ്ട. ഏലപ്പീടിക വരെ ഒന്ന് പോയാൽ മതി.നിര്‍മ്മാണത്തിലെ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെടുകയാണ് ഏലപ്പീടികയിലെ ട്രെയിൻ മാതൃകയിലുള്ള വഴിയോര വിശ്രമകേന്ദ്രം. ട്രെയിന്‍ എന്‍ജിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന വിശ്രമകേന്ദ്രം ഇവിടെ എത്തുന്ന സഞ്ചാരികളില്‍ കൗതുകമാവുകയാണ്. വിപുലമായ സൗകര്യങ്ങളാണ് വിശ്രമകേന്ദ്രത്തിലുള്ളത് .
ലഘു ഭക്ഷണ ശാലയും ഭിന്നശേഷിക്കാര്‍ക്ക് കൂടി ഉപയോഗിക്കാന്‍ തക്ക പ്രത്യേകം ശൗചാലയങ്ങളും വിശ്രമകേന്ദ്രത്തില്‍ ഉണ്ട്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നും 23 ലക്ഷം രൂപ ചിലവിട്ടാണ് നിര്‍മ്മാണം. കുരിശ് മലയും മൊട്ടകുന്നും കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ വിശ്രമ കേന്ദ്രം .
കണിച്ചാര്‍ പഞ്ചായത്തിലെ അസി.എന്‍ജിനിയറായ ബി.വി. വിഷ്ണുവിന്റെ ഐഡിയയിലാണ് വ്യത്യസ്ഥമായ വിശ്രമകേന്ദ്രം രൂപം കൊണ്ടത്. റെയില്‍വേ ഉദ്യോഗസ്ഥനായ വിഷ്ണുവിന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു വിഷ്ണു എന്‍ജിനീയര്‍ ആകണമെന്ന്. എന്‍ജിനീയറായി സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തില്‍ അച്ഛനുളള സമ്മാനമായാണ് ട്രെയിനിന്റെ മാതൃകയില്‍ വിശ്രമകേന്ദ്രം ഡിസൈന്‍ ചെയ്തത്. വിഷ്ണുവിന് പൂര്‍ണ്ണ പിന്തുണ നല്‍കി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്ററ്യനും ഭരണസമിതിയും കൂടെ നിന്നതോടെ ഏലപ്പീടികയ്ക്ക് ലഭിച്ചത് മനോഹരമായ ട്രെയിനാണ്. കുടുംബശ്രീയാണ് വിശ്രമ കേന്ദ്രം നടത്തുക.