കോഴിക്കോട്/പാലക്കാട്: കൊല്ലപ്പെട്ട ഹോട്ടലുടമ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിന്റെ കാര്‍ കണ്ടെത്തി. സിദ്ദിഖ് ഉപയോഗിച്ചിരുന്ന ഹോണ്ട സിറ്റി കാര്‍ ചെറുതുരുത്തിയിലാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ മൃതദേഹം കൊണ്ടുപോയതും ഇതേ കാറിലായിരുന്നു.
ട്രോളി ബാഗുകളിലാക്കിയ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചശേഷം ചെറുതുരുത്തിയിലെത്തിയ പ്രതികള്‍ കാര്‍ ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ശേഷം ഷൊര്‍ണ്ണൂരില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ചെന്നൈയിലേക്ക് കടന്നതെന്നും കരുതുന്നു.
ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് വല്ലപ്പുഴ സ്വദേശി ഷിബില്‍, പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശി ഫര്‍ഹാന, വല്ലപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് പുറമേ ഫര്‍ഹാനയുടെ സഹോദരനും പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ദിഖിനെ എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍വെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മേയ് 18-ാം തീയതി മുതല്‍ സിദ്ദിഖിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു.
ഇതിനിടെ സിദ്ദിഖിന്റെ അക്കൗണ്ടില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയതായി കണ്ടെത്തുകയുമായിരുന്നു.
സിദ്ദിഖിന്റെ ഹോട്ടലിലെ മുന്‍ ജീവനക്കാരനാണ് ഷിബിലി. മേയ് 18-ന് ഷിബിലിയും ഫര്‍ഹാനയും സിദ്ദിഖും എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നതായാണ് വിവരം. ഇവിടെ രണ്ട് മുറികളിലായാണ് ഇവരുണ്ടായിരുന്നത്.
ഇതിലൊരു മുറിയില്‍വെച്ചാണ് സിദ്ദിഖിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. ശേഷം മൃതദേഹം വെട്ടിമാറ്റി രണ്ട് ട്രോളി ബാഗുകളിലാക്കി 19-ാം തീയതി വൈകിട്ട് മൂന്നുമണിയോടെ പ്രതികള്‍ ഹോട്ടലില്‍നിന്ന് മടങ്ങി. സിദ്ദിഖിന്റെ കാറില്‍തന്നെയാണ് പ്രതികള്‍ ട്രോളിബാഗുകളുമായി കോഴിക്കോട്ടുനിന്ന് കടന്നുകളഞ്ഞത്.
കാറില്‍ ഒരുയുവാവ് ട്രോളി ബാഗുകള്‍ കയറ്റുന്നതിന്റെയും യുവതി ഡിക്കി പരിശോധിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഈ രണ്ടുപേര്‍ ഷിബിലിയും ഫര്‍ഹാനയുമാണെന്നാണ് നിഗമനം. ഈ സമയം കാറില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായും കരുതുന്നു.
സിദ്ദിഖിന്റെ മൊബൈല്‍ഫോണ്‍ ലൊക്കേഷനും വിവിധ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്. ചില സാക്ഷിമൊഴികളും അന്വേഷണത്തില്‍ നിര്‍ണായകമായി.
സിദ്ദിഖും ഷിബിലിയും മേയ് 18-ന് എരഞ്ഞിപ്പാലത്തെ ഹോട്ടലിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചതോടെ ഇവരെ കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം.
തുടര്‍ന്ന് ആര്‍.പി.എഫിന്റെ സഹായത്തോടെ ചെന്നൈ എഗ്മൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് കഴിഞ്ഞദിവസം ഷിബിലിയെയും ഫര്‍ഹാനയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ഫര്‍ഹാനയുടെ സുഹൃത്തായ ചിക്കു എന്ന ആഷിഖും പോലീസിന്റെ പിടിയിലായിരുന്നു.
ചെന്നൈയില്‍ കസ്റ്റഡിയിലെടുത്ത ഷിബിലിയെയും ഫര്‍ഹാനയെയും വെള്ളിയാഴ്ച വൈകിട്ടോടെ തിരൂരിലെത്തിക്കും. തുടര്‍ന്ന് ഇരുവരെയും വിശദമായി ചോദ്യംചെയ്യുന്നതോടെ മാത്രമേ എന്തിന് കൊലപ്പെടുത്തി, എങ്ങനെയാണ് കൃത്യം നടത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരംകിട്ടുകയുള്ളൂ.