ആസ്പത്രികളില്‍ എസ്.ഐ.എസ്.എഫിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍; സ്വകാര്യ ആസ്പത്രികള്‍ സ്വന്തം ചെലവിൽ നിയമിക്കണം

കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആസ്പത്രികളിൽ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്.) വിന്യസിക്കും. ഏതൊക്കെ ആസ്പത്രികളിലാണ് സേനയെ വേണ്ടതെന്ന് തീരുമാനിക്കാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആസ്പത്രികളില്‍ എസ്.ഐ.എസ്.എഫിന്റെ ചെലവ് മാനേജ്‌മെന്റ് വഹിക്കണം.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആസ്പത്രികളില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്. വ്യവസായ സുരക്ഷാ സേനയെ ആസ്പത്രികളില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതായി ഗവണ്‍മെന്റ് പ്ലീഡര്‍ ഹൈക്കോടതിയെ അറിയിച്ചു.
നിലവില്‍ സംസ്ഥാന ആരോഗ്യവകുപ്പിനോടുതന്നെ ഏതൊക്കെ ആസ്പത്രികളിലാണ് ആദ്യഘട്ടത്തില്‍ എസ്.ഐ.എസ്.എഫിന്റെ സേവനം വേണ്ടതെന്നത് അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പില്‍നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്ന മുറയ്ക്കുതന്നെ എസ്.ഐ.എസ്.എഫിനെ വിന്യസിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, സ്വകാര്യ ആസ്പത്രികളില്‍ എസ്.ഐ.എസ്.എഫിന്റെ സേവനം ആവശ്യപ്പെടുകയാണെങ്കില്‍ സേനയെ വിട്ടുനല്‍കാന്‍ തയ്യാറാണ്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായിവരുന്ന പണം സ്വകാര്യ ആസ്പത്രികള്‍ തന്നെ നല്‍കേണ്ടിവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതോടൊപ്പം ഡോ. വന്ദനാ ദാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും കോടതിയുടെ മുന്നിലുണ്ടായിരുന്നു. സര്‍ക്കാര്‍ അത് അനുഭാവപൂര്‍വം പരിഗണിക്കുന്നുവെന്നും ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയെ അറിയിച്ചു. അടുത്തദിവസം കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തിലുള്ള തീരുമാനംകൂടി സര്‍ക്കാര്‍ വ്യക്തമാക്കും.