വിദ്യാർഥികളുടെ പഴയ കണ്‍സഷന്‍ കാര്‍ഡുകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി

Share our post

കണ്ണൂർ : നിലവിൽ പഠനം തുടരുന്ന വിദ്യാർഥികളുടെ ബസ് കൺസഷൻ കാർഡിന്റെ കാലാവധി ജൂൺ 30 വരെ നീട്ടാൻ സ്റ്റുഡൻറ്‌സ് ട്രാവൽ ഫെസിലിറ്റേഷൻ കമ്മറ്റി യോഗം തീരുമാനിച്ചു. പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി എ.ഡി.എം കെ.കെ ദിവാകരന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ കാര്യങ്ങൾ വിശദീകരിച്ചു.

പുതിയ പാസ് ആവശ്യമുള്ള കുട്ടികളുടെ പട്ടിക ജൂൺ 30നകം ലഭ്യമാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തയ്യാറാകണം. സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള പാസ് ആർ ടി ഒ നൽകും. പ്ലസ് ടു വരെയുള്ളവർ അതത് സ്ഥാപനം നൽകുന്ന കാർഡ് കാണിക്കണം. ആർ ടി ഒ നൽകുന്ന കൺസഷൻ കാർഡിന്റെ വലിപ്പം ജില്ലയിൽ മാത്രമായി മാറ്റാൻ കഴിയില്ല. ബസ്സുകൾ സ്റ്റോപ്പുകളിൽ നിർത്തണം. കുട്ടികളെ ക്യൂ നിർത്തി കയറ്റുന്ന രീതി പാടില്ല.

സ്‌കൂൾ സ്റ്റോപ്പിൽ വൈകുന്നേരങ്ങളിൽ കുട്ടികളെ നിയന്ത്രിക്കാൻ അധ്യാപകരെ നിയോഗിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകും. കുട്ടികളെല്ലാം ഒറ്റ ബസിൽ മാത്രമായി കയറുന്നത് നിയന്ത്രിക്കും. ചട്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും 40 കിലോമീറ്ററാണ് ഇളവനുവദിക്കുക. കാർഡിന്റെ ദുരുപയോഗം തടയണമെന്ന് ബസ്സുടമകൾ ആവശ്യപ്പെട്ടു.

ബസ്സുകൾ സ്റ്റോപ്പിൽ നിർത്താതെ പോകുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാർഥി സംഘടനാ പ്രതിനിധികൾ പറഞ്ഞു. ബസ് സ്റ്റാന്റുകളിലെ പൊലീസ് എയിഡ് പോസ്റ്റുകളിൽ പൊലീസിനെ നിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കോളേജ് വിദ്യാഭ്യാസത്തിനുള്ള പ്രായപരിധി എടുത്ത് കളഞ്ഞതായി കണ്ണൂർ സർവ്വകലാശാലാ ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവീസസ് ഡോ. ടി പി നഫീസ ബേബി യോഗത്തെ അറിയിച്ചു. സെമസ്റ്റർ സമ്പ്രദായമായതിനാൽ അവധി ദിവസങ്ങളിൽ പോലും ക്ലാസുകൾ നടക്കുന്നതായും വിദ്യാർഥികൾക്ക് ബസ് യാത്ര ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും അവർ പറഞ്ഞു.

പാരലൽ കോളേജ് ഉടമാ പ്രതിനിധികൾ, ബസ് തൊഴിലാളി സംഘടനാ പ്രതിനിധികൾ, ജില്ലയിലെ വിവിധ ബസ്സുടമകൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!