പിണറായി എഡ്യുക്കേഷൻ ഹബ് നിർമാണം ആഗസ്‌തിൽ

പിണറായി : പിണറായിയിൽ 245 കോടി രൂപ ചെലവിൽ നിർമിക്കുന്ന വിദ്യാഭ്യാസ സമുച്ചയ പദ്ധതി പിണറായി എഡ്യുക്കേഷൻ ഹബ്ബിന്റെ പ്രവൃത്തി ആഗസ്‌ത് 17ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ തുടങ്ങിയവർ കവിതപറമ്പിൽ സ്ഥലം സന്ദർശിച്ചശേഷം നടത്തിയ യോഗത്തിലാണ് തീരുമാനം.
കിഫ്ബി ധനസഹായത്തോടെ നിര്‍മിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിനായി 13 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിൽ നിർമിക്കുന്ന സമുച്ചയത്തിൽ നാലേക്കറിൽ പോളിടെക്നിക് കോളേജ്, രണ്ടേക്കറിൽ ഹോസ്റ്റൽ സൗകര്യത്തോടെ ഉള്ള ടൂറിസം ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാലര ഏക്കറിൽ തൊഴിൽ വകുപ്പിന്റെ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഒരേക്കറിൽ ഐ.എച്ച്.ആർ.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഒരേക്കറിൽ ഹോസ്റ്റൽ സൗകര്യത്തോടെ ഉള്ള സിവിൽ സർവീസ് അക്കാദമി, ജൈവ വൈവിധ്യ പാർക്ക് എന്നിവയാണ് നിർമിക്കുക. നിലവിലുള്ള മാനദണ്ഡം അനുസരിച്ച് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെയാണ് നിര്‍മാണ പ്രവൃത്തികള്‍ക്കായുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി ചുമതലപ്പെടുത്തിയത്.
മണ്ഡലത്തിൽ ബജറ്റിൽ പ്രഖ്യാപിച്ച സയൻസ് പാർക്കിനും ഐ.ടി പാർക്കിനുമുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി വേങ്ങാട് വെൺമണലിലും അഞ്ചരക്കണ്ടി മുരിങ്ങേരിയിലും സംഘം സന്ദർശനം നടത്തി. സന്തോഷ് ബാബു, കലക്ടർ എസ്. ചന്ദ്രശേഖർ, കണ്ണൂർ സർവകലാശാല പ്രൊ വൈസ് ചാൻസിലർ ഡോ. സാബു, മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കർ, പേഴ്‌സണൽ സ്റ്റാഫ് കെ. പ്രദീപൻ, കിഫ്‌ബി, കെ.എസ്.ഐ.ടി.എൽ കിൻഫ്രാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായി.