മരുന്നും ജീവനക്കാരുമില്ലാതെ വയനാട് മെഡിക്കൽ കോളേജ്

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ മരുന്നുക്ഷാമം തുടർക്കഥയാകുന്നതോടൊപ്പം ഫാർമസിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ചികിത്സ തേടിയെത്തുന്ന ആയിരങ്ങളെ വലക്കുന്നു. മെഡിക്കൽ കോളേജ് ഫാർമസിക്ക് മുന്നിൽ മിക്ക ദിവസങ്ങളിലും ആളുകളുടെ നീണ്ടനിരയാണ്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പ്രായമായവരും സ്ത്രീകളുമെല്ലാം മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട ഗതികേടാണ്. പ്രതിദിനം ശരാശരി 2000ത്തോളം പേരാണ് ഫാർമസിയിൽ മരുന്നിനായെത്തുന്നത്. മണിക്കൂറുകൾ ക്യൂ നിന്ന് ഫാർമസി കൗണ്ടറിന് മുന്നിലെത്തുമ്പോൾ മരുന്നില്ലെന്ന മറുപടിയാവും ലഭിക്കുക. ക്യൂവിൽ നിൽക്കുന്ന പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും പതിവാണ്.
മൂന്ന് ഷിഫ്റ്റുകളിലായി 11 പേരാണ് ഫാർമസിയിൽ സേവനത്തിനായി ആവശ്യമുള്ളത്. പകൽ സമയങ്ങളിൽ ഏഴു പേരാണ് ഉണ്ടാകേണ്ടത്. എന്നാൽ, ഇപ്പോൾ മൂന്നു പേർ മാത്രമാണ് ദിവസങ്ങളായി ഡ്യൂട്ടിയിലുള്ളത്.
ജിവനക്കാർക്കും ഇത് ദുരിതമായി മാറിയിരിക്കുകയാണ്. അതേസമയം, മെഡിക്കൽ കോളജായി ഉയർത്തിയ സാഹചര്യത്തിൽ കൂടുതൽ ജിവനക്കാരെ ഫാർമസിയിൽ നിയമിക്കണമെന്നാവശ്യപ്പെട്ട് മുകളിലേക്ക് റിപ്പോർട്ട് പോയിട്ടുണ്ടെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് അധികൃതരിൽ നിന്നും ലഭിച്ചതെന്നാണ് വിവരം.