കണ്ണൂർ: യാത്രചെയ്യാൻ ആയിരങ്ങളും സർവിസിന് സന്നദ്ധമായി ഒട്ടേറെ വിമാനക്കമ്പനികളുണ്ടായിട്ടും കേന്ദ്ര സർക്കാറിന്റെ കനിവുകാത്ത് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.
ഗോ ഫസ്റ്റ് വിമാന സർവിസും നിലച്ചതോടെ എയർഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രം സർവിസ് നടത്തുന്ന വിമാനത്താവളമായി കണ്ണൂർ മാറി.
വിമാനത്താവളം തുടങ്ങിയ അന്നുമുതൽ വിദേശ വിമാനകമ്പനികൾക്ക് സർവിസ് നടത്തുന്നതിനുള്ള പോയന്റ് ഓഫ് കോൾ പദവിക്കായി അപേക്ഷയും നൽകി കാത്തിരിക്കുകയാണ് കണ്ണൂർ എയർപോർട്ട് ഇന്റർനാഷനൽ ലിമിറ്റഡ്.
വിമാനത്താവളത്തിന് അഞ്ചു വർഷം പൂർത്തിയാവാൻ ആറുമാസം മാത്രം ശേഷിക്കെ ഇക്കാര്യത്തിൽ ഒരു തീരുമാനവും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ല. കണ്ണൂരിൽനിന്നുള്ള എം.പിമാർ പാർലിമെന്റിൽ പലതവണ വിഷയം ഉന്നയിച്ചിട്ടും നടപടിയുമുണ്ടാകുന്നില്ല.
അബൂദബി, മസ്കത്ത്, ദുബൈ, ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്കും മുംബൈയിലേക്കുമായി പ്രതിമാസം 240 സർവിസുകൾ നടത്തിയിരുന്ന ഗോ ഫസ്റ്റ് സർവിസാണ് ഈമാസം നിലച്ചത്. പാപ്പരായി പ്രഖ്യാപിക്കാൻ വിമാനക്കമ്പനി അപേക്ഷിച്ചതോടെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതും കണ്ണൂരിന്.
ആകെയുള്ള മൂന്ന് വിമാനക്കമ്പനികളിൽ ഗോ ഫസ്റ്റ് പിൻവാങ്ങിയതോടെ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയുമാണ് ഇനി ശേഷിക്കുന്നത്. പ്രതിദിനം ആയിരത്തിലേറെ പേരാണ് ഗോ ഫസ്റ്റ് വിമാനങ്ങളിൽ ഗൾഫിലേക്ക് മാത്രം യാത്ര ചെയ്തിരുന്നത്. ഇത് മുടങ്ങിയതോടെ യാത്രാനിരക്ക് കുത്തനെ കൂടി.
ഉയർന്ന നിരക്ക് കൊടുത്താലും ടിക്കറ്റ് കിട്ടാത്ത സ്ഥിതി വേറെ. യാത്രക്കാരുടെ പ്രയാസത്തിനു പുറമെ വിമാനത്താവളത്തിന്റെ വരുമാനവും ഗണ്യമായി കുറഞ്ഞു. മേയിൽ മാത്രം നാലുകോടിയോളം രൂപയുടെ വരുമാനനഷ്ടമുണ്ടായെന്നാണ് കണക്കുകൾ. ചരക്കുനീക്കം കുറഞ്ഞതും തിരിച്ചടിയായി.
എമിറേറ്റ്സ്, സിങ്കപ്പൂർ എയർലൈൻസ്, ശ്രീലങ്കൻ എയർലൈൻസ് തുടങ്ങി ഒട്ടേറെ വിദേശ കമ്പനികൾ കണ്ണൂരിൽ സർവിസ് നടത്താൻ ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. സൗകര്യങ്ങളിൽ രാജ്യത്തെ മുൻനിര വിമാനത്താവളമായിട്ടും കണ്ണൂരിന്റെ കാര്യത്തിൽ കേന്ദ്രാനുമതി നീളുകയാണ്.