കൊട്ടിയൂർ വൈശാഖ മഹോത്സവം: ഒരുക്കങ്ങൾ പൂർത്തിയാകുന്നു 

Share our post

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ മിക്കവാറും പൂർത്തിയായിക്കഴിഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൊട്ടിയൂരിലെത്തുന്ന ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ഒരുക്കിയിരിക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി അഞ്ചോളം യോഗങ്ങൾ ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

അക്കരെ കൊട്ടിയൂരിൽ നാല്പതിലധികം വരുന്ന കൈയാലകളുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. നീരെഴുന്നള്ളത്തിന് ശേഷമാണ് ശ്രീകോവിൽ മേയുന്നത്. ഇതിന് മാത്രം ഉപയോഗിക്കുന്ന ഞെട്ടിപ്പനയോലകൾ ശേഖരിച്ചു കഴിഞ്ഞു. പാർക്കിംഗിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇക്കരെ ക്ഷേത്രത്തിന്റെ രണ്ട് ഗ്രൗണ്ടുകളിലുമായി 1500 വാഹനങ്ങൾ നിർത്തിയിടാൻ കഴിയും. മെച്ചപ്പെട്ട രീതിയിലുള്ള വഴിപാട് കൗണ്ടറുകൾ സജ്ജീകരിക്കുന്നുണ്ട്. അന്നദാനത്തിന് ഇക്കരെ കൊട്ടിയൂരിലും സൗകര്യമൊരുക്കിയിട്ടുണ്ട്. 

സ്നാന ഘട്ടങ്ങൾ അഞ്ചെണ്ണമായി വർദ്ധിപ്പിച്ചു. അക്കരെ കൊട്ടിയൂരിൽ അഞ്ചെണ്ണം വീതമുള്ള നാല് ബ്ലോക്ക് ശൗചാലയങ്ങളുടെ നിർമ്മാണവും പൂർത്തിയായി വരുന്നു. ഇക്കരെ കൊട്ടിയൂരിൽ നടന്നുവന്ന അറ്റകുറ്റപ്പണികൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. വൈശാഖ മഹോത്സവ നഗരിയിൽ ഹരിത ചട്ടവും മാലിന്യ സംസ്‌കരണ നിബന്ധനകളും കർശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ദേവസ്വം അധികൃതരുമായി നടത്തിയ ചർച്ചയിൽ നിർദ്ദേശിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!