കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിൽ 27 മുതൽ തടവുകാരെ പ്രവേശിപ്പിക്കും

Share our post

കൂത്തുപറമ്പ്: കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിൽ 27-ന് പ്രവർത്തനം തുടങ്ങും. റിമാൻഡ് തടവുകാരെയാണ് ജയിലിൽ പ്രവേശിപ്പിക്കുക. ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പൂർത്തിയാകാറാകുമ്പോഴും പ്രവർത്തനം തുടങ്ങിയിരുന്നില്ല. 

കഴിഞ്ഞ ജൂൺ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്പെഷ്യൽ സബ് ജയിൽ ഉദ്ഘാടനം ചെയ്തത്. നിലവിൽ കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിൽ പരിധിയിലെ പോലീസ് സ്റ്റേഷനുകളിൽനിന്നുള്ള പ്രതികളെ മട്ടന്നൂർ, കൂത്തുപറമ്പ് കോടതികളിൽ ഹാജരാക്കി കണ്ണൂർ, തലശ്ശേരി സ്പെഷ്യൽ സബ് ജയിലുകളിലേക്കാണ് റിമാൻഡ്‌ ചെയ്യുന്നത്. ഇത് ക്രമസമാധാനപാലനത്തെ ബാധിക്കുകയും സർക്കാറിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രിസൺസ് ആൻഡ് കറക്‌ഷണൽ സർവീസ് വകുപ്പ് ഡയറക്ടർ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.

തുടർന്ന് സ്പെഷ്യൽ സബ് ജയിൽ അടിയന്തരമായി പ്രവർത്തിപ്പിക്കുന്നതിനായി എക്സിക്യൂട്ടീവ്, മിസിസ്റ്റീരിയൽ വിഭാഗങ്ങളിൽ കഴിഞ്ഞ ഒക്ടോബറിൽ വിവിധ തസ്തികകൾ അനുവദിച്ചു. തുടർന്നും ജയിൽ പ്രവർത്തനം തുടങ്ങാനാകാതെ അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കും

21 ഉദ്യോഗസ്ഥരുടെ സേവനമാണ് സബ് ജയിലിന് ലഭിക്കുക. 12 തസ്തികകൾ സർക്കാർ പുതുതായി അനുവദിച്ചിരുന്നു. കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽനിന്ന് കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിലേക്ക് ഒമ്പത് പേരെ പുനർവിന്യസിച്ചു.

സൂപ്രണ്ട് (ഡെപ്യൂട്ടി സൂപ്രണ്ട്), അസി. സൂപ്രണ്ട് ഗ്രേഡ് ഒന്ന്, അസി. സൂപ്രണ്ട് ഗ്രേഡ് രണ്ട് എന്നിവയുടെ ഓരോ തസ്തികകളും ഡെപ്യൂട്ടി പ്രിസൺ ഓഫീസറുടെ മൂന്ന് തസ്തികകളും അസി. പ്രിസൺ ഓഫീസറുടെ ആറ് തസ്തികകളുമാണ് പുതുതായി അനുവദിച്ചത്.

അസി. സൂപ്രണ്ട് ഗ്രേഡ് ഒന്ന് (ഒന്ന്), ഡെപ്യൂട്ടി പ്രിസൺ ഓഫീസർ (മൂന്ന്), അസി. പ്രിസൺ ഓഫീസർ (നാല്), അസി. പ്രിസൺ ഓഫീസർ കം ഡ്രൈവർ (ഒന്ന്) എന്നിവരെയാണ് കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽനിന്ന് കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിലേക്കായി പുനർ വിന്യസിച്ചത്. സൂപ്രണ്ട്, അസി. സൂപ്രണ്ടുമാർ ഉൾപ്പെടെ 45 ജീവനക്കാരെയാണ് ജയിലിന്റെ ദൈനംദിന പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായുള്ളത്. ജയിൽ പ്രവർത്തനമാരംഭിക്കുന്നതോടെ ബാക്കി തസ്തികകളും അനുവദിക്കും.

40 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം

കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിച്ചിരുന്ന പഴയ സബ്ജയിൽ 3.30 കോടി രൂപ ചെലവിൽ നവീകരിച്ചാണ് സ്പെഷ്യൽ സബ് ജയിലായി സജ്ജമാക്കിയത്. കൂറ്റൻ ചുറ്റുമതിലും തടവുകാർക്കുള്ള ശൗചാലയങ്ങളും അടുക്കളയും സ്റ്റോർ മുറിയും ഓഫീസുമുള്ള ഇരുനില കെട്ടിടവും പുതുതായി നിർമിച്ചു. 40-തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇപ്പോൾ ഉള്ളത്. കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽ നിന്നുള്ളവരെയാണ് ഇവിടെയ്ക്ക് റിമാൻഡ് ചെയ്യുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!