2000 രൂപ എടുക്കില്ല!: ബിവറേജസിന് മുന്നിൽ ബോർഡ്; ‘മദ്യം വാങ്ങുന്നവർ’ പ്രതിഷേധത്തിൽ

കണ്ണൂർ : അയ്യായിരം രൂപ വരെയുള്ള മദ്യം വിൽക്കുന്ന ബിവറേജസ് ഔട്ട്‌ലറ്റുകളിൽ 2000 രൂപയുടെ നോട്ട് എടുക്കുന്നില്ല. ഇവിടെ 2000 രൂപ സ്വീകരിക്കുന്നതല്ല എന്ന ബോർഡ് മദ്യവിൽപ്പന ശാലകൾക്ക് മുന്നിൽ തൂക്കി. ഇതിനെതിരെ മദ്യം വാങ്ങുന്നവർ ഔട്ട്‌ലറ്റുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു.
റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം 2000 രൂപയുടെ നോട്ട് രാജ്യത്ത് പിൻവലിച്ചപ്പോൾ നിലവിൽ കൈയിലുള്ള നോട്ടുകൾ സെപ്റ്റംബർ 30 വരെ സ്വീകരിക്കാമെന്ന അറിയിപ്പും നൽകിയിരുന്നു. എന്നാൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എ.ജി.എം. (ഓപ്പറേഷൻസ്) നോട്ട് സ്വീകരിക്കേണ്ടെന്ന നിർദേശം നൽകുകയായിരുന്നു. ഔട്ട്‌ലറ്റുകളിൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന ഉത്തരവാണ് ഔട്ട്‌ലറ്റുകൾക്ക് നൽകിയത്.
മദ്യം വാങ്ങുന്നവർ ചോദ്യംചെയ്തപ്പോൾ പലവിധ മറുപടികളാണ് ജീവനക്കാർ നൽകുന്നത്. കള്ളനോട്ടുകൾ വരുന്നത് ഒഴിവാക്കാനാണ് ഇതെന്ന് ചില ഔട്ട്‌ലറ്റുകളിൽനിന്ന് അറിയിച്ചു. എന്നാൽ ബിവറേജ് ഔട്ട്‌ലറ്റുകളിലും നോട്ട് എണ്ണുന്ന മെഷീനുണ്ട്. കള്ളനോട്ടുണ്ടെങ്കിൽ ഇതുവഴി കണ്ടുപിടിക്കാം. നിലവിൽ ബാങ്കുകളിൽ 2000 രൂപയുടെ എത്ര നോട്ടുകളും അതത് അക്കൗണ്ടിൽ അടയ്ക്കാം. 2000 രൂപയുടെ നോട്ട് മാറി പകരം നോട്ടുകൾ വാങ്ങണമെങ്കിൽ നിലവിൽ 10 നോട്ടുകൾക്ക് മാത്രമേ സാധ്യമാകൂ.