മലയോരത്തെ നഗരങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം

Share our post

ശ്രീകണ്ഠപുരം : വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമുണ്ടായിരുന്ന കാട്ടുപന്നിശല്യം മലയോരത്തെ നഗരങ്ങളിലും എത്തി. കഴിഞ്ഞദിവസം ശ്രീകണ്ഠപുരം നഗരസഭയിലെ പന്ന്യാലിൽ പട്ടാപ്പകൽ വീട്ടമ്മയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു.

വാഴക്കാട്ട് ലില്ലിക്കുട്ടി(47) യെയാണ് ആക്രമിച്ചത്. വീടിന് സമീപത്ത് ആടിനെ തീറ്റാൻ പോയപ്പോഴാണ് പന്നിയുടെ കുത്തേറ്റത്. ശ്രീകണ്ഠപുരം നഗരസഭയിലെ കണിയാർവയൽ, കോട്ടൂർ തുടങ്ങിയ സ്ഥലങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്.

കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടി സ്വീകരിക്കുമെന്നാണ് നഗരസഭാധികൃതർ പറയുന്നത്. ശ്രീകണ്ഠപുരം നഗരസഭ കൂടാതെ ചെങ്ങളായി, മലപ്പട്ടം, പയ്യാവുർ പഞ്ചായത്തുകളിലും പന്നിശല്യം രൂക്ഷമാണ്. നെൽക്കൃഷിയും വയലുകളിലെ പച്ചക്കറിക്കൃഷികളായ വെളളരി, പയർ, ചീര ഉൾപ്പെടെയുമാണ് ഇവ നശിപ്പിക്കുന്നത്.

വീട്ടുപറമ്പുകളിലെത്തി വാഴ, ചേമ്പ്, ചേന എന്നിവയും നശിപ്പിക്കുന്നുണ്ട്. രാപകൽ ഭേദമില്ലാതെ കൃഷിയിടങ്ങളിലെത്തുന്ന പന്നികൾ തോട്ടങ്ങൾ കുത്തിയിളക്കിയിടുകയാണ്. നഗരത്തോടു ചേർന്നുള്ള ചെറിയ കാടുകയറിയ സ്ഥലങ്ങളിൽപോലും പന്നികൾ താവളമൊരുക്കിയതായി നാട്ടുകാർ പറയുന്നു. നേരം ഇരുട്ടിയാൽ ഇവ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. രാത്രി കൂട്ടത്തോടെ ഇറങ്ങുന്ന പന്നികൾ പറമ്പാകെ കുത്തിയിളക്കി കൃഷി നശിപ്പിച്ചാണ് മടങ്ങുക. ഒറ്റ രാത്രി കൊണ്ട് കർഷകരുടെ മാസങ്ങളായുള്ള അധ്വാനം തന്നെ ഇല്ലാതാകുകയാണ്.

ഉത്തരവുണ്ട്, വെടിവെച്ചിട്ടില്ല : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ ചെങ്ങളായി ഗ്രാമപ്പഞ്ചായത്ത് ഉത്തരവിറക്കിയിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും ഒരുപന്നിയെപ്പോലും വെടിവെച്ചില്ല. കാട്ടുപന്നികളെ നിയമാനുസൃതമായി ഇല്ലായ്മ ചെയ്യുന്നതിനുള്ള അനുമതിയും അധികാരവും ഓണററി വൈൽഡ് ലൈഫ് വാർഡൻ എന്ന നിലയിൽ പഞ്ചായത്ത് പ്രസിഡന്റിനും ഉദ്യോഗസ്ഥൻ എന്ന നിലയിൽ സെക്രട്ടറിക്കും സർക്കാർ ഉത്തരവുകളിലൂടെ ഡെലിഗേറ്റ് ചെയ്തിട്ടുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് പഞ്ചായത്തിലെ തോക്ക് ലൈസൻസുള്ള മാപ്പോത്ത് മനോഹരൻ, പി.ആർ.ഗോപകുമാർ എന്നിവരെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത്. മേയ് 27 വരെയാണ് ഉത്തരവിന്റെ കാലപരിധി. എന്നാൽ ഉത്തരവിറക്കി എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു പന്നിയെപ്പോലും വെടിവെക്കാൻ സാധിച്ചില്ല. കാട്ടുപന്നിശല്യം രൂക്ഷമായ മേഖലയിലെ കർഷകർ തോക്ക് ലൈസൻസുള്ളവർക്ക് വിവരം നൽക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ശ്രീകണ്ഠപുരം നഗരസഭയും മലയോരത്തെ മറ്റ് പഞ്ചായത്തുകളും കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!