കുടുംബ വിസയ്ക്ക് കര്‍ശന നിയന്ത്രണം; യു.കെ സ്വപ്‍നങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

Share our post

ലണ്ടന്‍: വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ എത്തുന്നവര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണം. യു.കെ ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ ഇമിഗ്രേഷന്‍ നിയമത്തിലാണ് ഇത് സംബന്ധിച്ച നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

ഗവേഷണാധിഷ്‍ഠിതമായ ബിരുദാനന്തര കോഴ്‍സുകള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ഇനി മുതല്‍ തങ്ങളുടെ കുടുംബാംഗങ്ങളെയും യുകെയിലേക്ക് കൊണ്ടുവരാനുള്ള അനുമതി ഉണ്ടാവുക.

കഴിഞ്ഞ ദിവസം യു.കെ ഹോം സെക്രട്ടറി സുവല്ല ബ്രവര്‍മന്‍ പുതിയ എമിഗ്രേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തുകയായിരുന്നു.

ഗവേഷണാധിഷ്‍ഠിതമായ ബിരുദാനന്തര കോഴ്‍സുകള്‍ പഠിക്കുന്നവര്‍ ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതി ഉണ്ടാവില്ലെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു.

റിസര്‍ച്ച് പ്രോഗ്രാമുകളായ നിലവില്‍ നിജപ്പെടുത്തിയിട്ടുള്ള കോഴ്‍സുകള്‍ പഠിക്കുന്നവര്‍ക്ക് മാത്രമായി ആശ്രിത വിസാ അനുമതി പരിമിതപ്പെടുന്നതോടെ സാധാരണ ഡിഗ്രി കോഴ്‍സുകള്‍ക്കോ അല്ലെങ്കില്‍ സര്‍വകലാശാലകള്‍ നടത്തുന്ന ഹ്രസ്വ കോഴ്‍സുകള്‍ക്കോ പഠിക്കാനായി യു.കെയില്‍ എത്തുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ കഴിയില്ല.

യുകെയിലേക്ക് കുടിയേറിയിട്ടുള്ള പതിനായിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബിരുദ കോഴ്‍സുകള്‍ക്കോ അല്ലെങ്കില്‍ മറ്റ് ചെറിയ കോഴ്‍സുകള്‍ക്കോ ചേര്‍ന്നാണ് കുടുംബാംഗങ്ങളോടൊപ്പം ഇവിടെ താമസിക്കുന്നത്.

കുടിയേറ്റം നിയന്ത്രിക്കുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രഖ്യാപനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!