മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിന് ശകാരിച്ചു; വിദ്യാർഥിയെ കാണാനില്ല

തൃശൂർ: കേച്ചേരി പട്ടിക്കര പറപ്പൂക്കാവ് സ്വദേശി പുതുവീട്ടിൽ ഷരീഫിന്റെയും നസീമയുടെയും മകൻ പി.എസ്. മുഹമ്മദ് ഫാരിസിനെ (19) തിങ്കളാഴ്ച പുലർച്ചെ മുതൽ കാണാനില്ല. തൃശൂർ ജില്ലയിലെ ചിറമനേങ്ങാട് നുസ്രത്തുൽ ഇസ്ലാം ട്രസ്റ്റിൽ വിദ്യാർഥിയായ ഫാരിസിനെ അവിടന്നാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ 6.45ന് സ്ഥാപന അധികാരികൾ പിതാവ് ഷരീഫിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പഠനത്തിന്റെ ഇടവേളകളിൽ മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നത് ആവർത്തിച്ചതിനെ തുടർന്ന് ഫോൺ വാങ്ങിവയ്ക്കുകയും അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു. പുലർച്ചെ പ്രഭാത പ്രാർഥനയ്ക്ക് എഴുന്നേറ്റപ്പോഴാണ് ഫാരിസ് സ്ഥാപനത്തിൽ ഇല്ലെന്ന് അറിയുന്നത്. നിർധന കുടുംബാംഗമായ ഫാരിസ് എട്ടു വർഷമായി ഇതേ സ്ഥാപനത്തിലെ വിദ്യാർഥിയാണ്. പ്രൈവറ്റായി ഡിഗ്രിക്കും പഠിക്കുന്നുണ്ട്.
പ്രഭാഷകൻ, ഗായകൻ എന്നീ നിലകളിലും ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇവർക്ക് സ്വന്തമായി വീടില്ലാത്തതിനാൽ മാതാവിന്റെ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കാണാതാകുമ്പോൾ വെളുത്ത വസ്ത്രവും തലപ്പാവുമാണ് ധരിച്ചിരിക്കുന്നത്. കയ്യിൽ ഒരു ബാഗും ഉണ്ട്. ഫാരിസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846281423, 9544285966 നമ്പറിൽ അറിയിക്കണമെന്ന് പിതാവ് ഷെരീഫ് അറിയിച്ചു.