കണ്ണൂർ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ 50 ദിവസത്തിനിടെ നൽകിയ തൊഴിൽ ദിനങ്ങൾ 3,37,435 കടന്നു. കഴിഞ്ഞ സാമ്പത്തിക 50 ലക്ഷം തൊഴിൽ ദിനങ്ങളായിരുന്നു ജില്ലയിലുണ്ടായിരുന്നത്. എന്നാൽ, 2023-24 സാമ്പത്തിക വർഷം തുടങ്ങി ഒന്നര മാസം കഴിയുമ്പോഴേക്കും റെക്കോഡ് വേഗത്തിലാണ് തൊഴിൽ ദിനങ്ങൾ കൂടുന്നത്.
ഇതുവരെ ജില്ലയിൽ 35,997 കുടുംബങ്ങൾക്ക് തൊഴിൽ നൽകാനുമായി. ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് ആദ്യമായി പട്ടികവർഗ കുടുംബത്തിന് 100ദിനം തൊഴിൽ നൽകി എരമം കുറ്റൂർ ഗ്രാമ പഞ്ചായത്തും മാതൃകയായി. ജലസംരക്ഷണ പ്രവൃത്തികൾ, പൊതുകുളം നിർമാണം, അംഗൻവാട്ടി കെട്ടിട നിർമാണം തുടങ്ങിയവയാണ് തൊഴിലുറപ്പ് പദ്ധതികളിൽ നടക്കുന്നത്.
നെൽകൃഷിക്കായി മുറവിളി
നിലവിലെ നിയമപ്രകാരം തൊഴിലുറപ്പ് ജോലിയിൽ തരിശുഭൂമിയിൽ കൃഷിയിടാൻ സാധ്യമല്ല. എന്നാൽ, കേന്ദ്ര സർക്കാർ തൊഴിലുറപ്പ് നിയമത്തിൽ ഭേദഗതി ചെയ്ത് അനുകൂല തീരുമാനം കൈക്കൊണ്ടാൽ കർഷകർക്ക് ഒരുപരിധിവരെ ആശ്വാസമാകും.
നേരത്തെ ഇതുസംബന്ധിച്ച് കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല സമീപനവും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.
നിലവിലെ സർക്കുലർ പ്രകാരം ആവർത്തിച്ച് വരുന്ന പ്രവൃത്തികൾ ഏറ്റെടുക്കാനോ ഇതിൽ ഭേദഗതിയോ പുതിയ നിർദേശമോ ലഭിക്കാതെയോ പ്രവൃത്തി നടത്താനാകാത്തതാണ് കർഷകർക്ക് വിനയായത്. കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിക്ക് കേന്ദ്രം അനുകൂല നടപടി സ്വീകരിച്ചാൽ തരിശായി കിടക്കുന്ന നെൽവയലുകൾക്ക് പുതുജീവൻ നൽകാനാകും.
നെൽകൃഷിക്കായി പ്രവൃത്തി ക്രമീകരിക്കാം
നെൽകൃഷിക്ക് അനുകൂലമായി തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി ക്രമീകരിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തിലാണ് മന്ത്രി ഇത്തരമൊരു നിർദേശം നൽകിയത്. തൊഴിലാളിക്ഷാമം കാരണം പായം പഞ്ചായത്തിൽ വയലുകൾ തരിശിടുകയാണെന്ന പരാതി പരിഗണിച്ചായിരുന്നു മന്ത്രിയുടെ ഉത്തരവ്.
കർഷകനായ പായം കാടമുണ്ടയിലെ മാവില വീട്ടിൽ ഉണ്ണികൃഷ്ണനാണ് ഇക്കാര്യം ആവശ്യപ്പെട്ട് അദാലത്തിൽ എത്തിയത്. തൊഴിലാളികളെ ലഭിക്കാത്തതിനാൽ പഞ്ചായത്തിലെ 9, 10 വാർഡുകളിൽ നെൽവയൽ തരിശായി കിടക്കുകയാണെന്ന് ഇദ്ദേഹം മന്ത്രിയോട് പറഞ്ഞു.