കൊച്ചി–സേലം എൽ.പി.ജി പൈപ്പ്‌ലൈൻ കമ്മീഷനിങ് ജൂണിൽ

Share our post

കൊച്ചി: കൊച്ചി–-സേലം എൽ.പി.ജി പൈപ്പ്‌ലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി. ഐ.ഒ.സി–-ബി.പി.സി.എൽ സംയുക്ത പദ്ധതിയിൽ ആകെയുള്ള 420 കിലോമീറ്റർ പൈപ്പ്‌ലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്‌.

ജൂണിൽ കമീഷനിങ്‌ നടത്തും. ഇതിനുമുന്നോടിയായി ഓയിൽ ഇൻഡസ്‌ട്രി സേഫ്‌റ്റി ഡയറക്ടറേറ്റിന്റെയും പെസോയുടെയും (പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷൻ) പരിശോധനകൾ നടക്കും.

ഭൂഗർഭ പൈപ്പുവഴി അമ്പലമുകൾ ബി.പി.സി.എൽ, കൊച്ചി റിഫൈനറി, പുതുവൈപ്പ് ഇന്ത്യൻ ഓയിൽ എൽ.പി.ജി ഇംപോർട്ട് ടെർമിനൽ എന്നിവിടങ്ങളിൽനിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ എൽ.പി.ജി എത്തിക്കുന്ന പദ്ധതിയാണിത്‌.

1506 കോടി രൂപയാണ്‌ പദ്ധതിച്ചെലവ്‌. പാലക്കാട്‌ ബി.പി.സി.എൽവഴിയാണ്‌ എൽ.പി.ജി എത്തിക്കുക. കേരള റീച്ച്‌ പൂർത്തിയാകുന്നതോടെ പാലക്കാടുവരെ പൈപ്പ്‌ലൈനിലൂടെ എൽ.പിജി എത്തും.

പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ കൊച്ചിയിൽനിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ പാചകവാതകനീക്കം സുഗമവും സുരക്ഷിതവുമാകും. എറണാകുളം നഗരത്തിലൂടെയും കുതിരാനിലൂടെയും സർവീസ്‌ നടത്തുന്ന നൂറ്റമ്പതിലേറെ ബുള്ളറ്റ് ടാങ്കറുകളും നിരത്തുകളിൽനിന്ന്‌ ഒഴിവാകും.

കൊച്ചി റിഫൈനറിമുതൽ ഉദയംപേരൂർ ഐ.ഒ.സിവരെ 12 കിലോമീറ്റർ പൈപ്പ്‌ലൈൻ കമീഷൻ ചെയ്‌തിരുന്നു. വാളയാർമുതൽ സേലംവരെ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ തമിഴ്‌നാട്‌ സർക്കാരിന്റെ സർവേ പൂർത്തിയായി. ജൂണിൽ പൈപ്പിടൽ ആരംഭിക്കുമെന്നാണ്‌ പ്രതീക്ഷ.

2025ൽ പദ്ധതി പൂർണമായി കമീഷൻ ചെയ്യാനാകും. 2019ൽ ആരംഭിച്ച പദ്ധതിക്കായി സ്ഥലം നൽകിയവർക്ക്‌ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ ഉത്തരവിറക്കിയതും സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കിയതും എൽ.ഡി.എഫ്‌ സർക്കാരാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!